ദുബായ്: യുഎഇയിൽ 12-ാം ക്ലാസ് പൂർത്തിയാക്കിയ പ്രവാസി വിദ്യാർത്ഥികൾക്ക് കേരളത്തിൽ കോളേജ് പ്രവേശനത്തിനായി എൻ.ആർ.ഐ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ പ്രത്യേക സൗകര്യവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്.
യോഗ്യരായ വിദ്യാർത്ഥികൾക്ക് ഏപ്രിൽ 4-ന് ദുബായിലോ വടക്കൻ എമിറേറ്റിലോ ഉള്ള ഏതെങ്കിലും ബി.എൽ.എസ് സെൻ്ററുകളിൽ മുൻകൂർ അപ്പോയിൻമെൻ്റ് ഇല്ലാതെ തന്നെ എൻ.ആർ.ഐ സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കാം.
അപ്പോയിൻമെൻ്റ് ലഭിക്കാൻ വിദ്യാർത്ഥികളുടെ 12-ാം ക്ലാസ് ഗ്രേഡ് സർട്ടിഫിക്കറ്റ്, കോളജിൽ പ്രവേശനം ലഭിച്ചതിൻ്റെ രേഖ എന്നിവ ഹാജരാക്കണമെന്ന് കോൺസുലേറ്റ് അറിയിച്ചു.
ആദ്യം എത്തുന്നവർക്കായിരിക്കും അപ്പോയിൻമെൻ്റിൽ മുൻഗണന. നീണ്ട ക്യൂ ഒഴിവാക്കാൻ വിദ്യാർഥികൾ നേരത്തെ എത്താൻ ശ്രമിക്കണം. അപേക്ഷ ഫോറം, ആവശ്യമായ രേഖകളുടെ പട്ടിക എന്നിവ കോൺസുലേറ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ (https://www.cgidubai.gov.in) നിന്ന് ഡൗൺലോഡ് ചെയ്യാം.
പ്രവാസികളായ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് 12-ാം ക്ലാസ് പഠനത്തിനു ശേഷം കോളജ് പ്രവേശനത്തിനായി കാത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ കോൺസുലേറ്റിന്‍റെ നീക്കം വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസകരമാകും.
അതേ സമയം നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വിദ്യാർത്ഥികൾക്ക് കൂടുതൽ സഹായം ആവശ്യമാണെങ്കിൽ അതിനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും കോൺസുലേറ്റ് അറിയിച്ചു.

