ടെഹ്റാൻ: പശ്ചിമേഷ്യൻ മേഖലയെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാനും അമേരിക്കയും തമ്മിലുള്ള പോരാട്ടം പുതിയ തലത്തിലേക്ക്. ഇറാന്റെ സൈനിക-ആണവ ശേഷികൾ തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, ഏതു നിമിഷവും ഒരു കരയുദ്ധം ഉണ്ടായേക്കാമെന്ന വിലയിരുത്തലിൽ ഇറാൻ സൈന്യം അതീവ ജാഗ്രതയിലാണ്. ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ സർവ്വസജ്ജമായിരിക്കാൻ ഇറാൻ സൈനിക മേധാവി അമിർ ഹാത്മി സേനാംഗങ്ങൾക്ക് കർശന നിർദ്ദേശം നൽകി.
ഇറാൻ മണ്ണിൽ കാലുകുത്തുന്ന ഒരൊറ്റ അമേരിക്കൻ സൈനികനും ജീവനോടെ മടങ്ങില്ലെന്ന് അമിർ ഹാത്മി മുന്നറിയിപ്പ് നൽകി. നിലവിൽ നടന്നു വരുന്ന വ്യോമ-മിസൈൽ ആക്രമണങ്ങൾക്ക് പുറമെ, നേരിട്ടുള്ള സൈനിക നീക്കത്തിന് അമേരിക്കയും ഇസ്രയേലും സംയുക്തമായി പദ്ധതിയിടുന്നുണ്ടെന്ന ഇറാന്റെ രഹസ്യാന്വേഷണ റിപ്പോർട്ടുകളെ തുടർന്നാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി സൈനിക കമാൻഡർ ഇൻ ചീഫ് ഉന്നതതല യോഗം വിളിച്ച് സേനയുടെ യുദ്ധസന്നദ്ധത വിലയിരുത്തിക്കഴിഞ്ഞു.
അമേരിക്ക പൂർണ്ണമായ പരാജയം സമ്മതിക്കുന്നത് വരെ മിഡിൽ ഈസ്റ്റിൽ പോരാട്ടം തുടരുമെന്നാണ് ഇറാന്റെ നിലപാട്. ട്രംപിന്റെ പ്രഖ്യാപനം വെറും അവകാശവാദം മാത്രമാണെന്നും തങ്ങളുടെ കരുത്ത് ഒട്ടും ചോർന്നിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കുന്നു. ഇരുപക്ഷവും കരയുദ്ധത്തിന് കോപ്പുകൂട്ടുന്നത് മേഖലയിൽ വൻ നാശമുണ്ടാക്കുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.

