അർജന്ടാ.....'വൈറൽ ഗാനത്തിന് പിന്നിലെ ഗായകൻ; പ്രശസ്തിയുടെ വെളിച്ചത്തിലേക്ക് പ്രവാസി മലയാളി പ്രേം ബിലാത്തറ


ഷാർജ: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ 'അച്ഛാ കൊറച്ച് പൈസ വേണം അർജന്റാ...' എന്ന സൂപ്പർഹിറ്റ് ഗാനത്തിന് പിന്നിലെ യഥാർഥ ഗായകനെ തിരിച്ചറിഞ്ഞു. യു.എ.ഇയിലെ ഷാർജയിൽ പത്തു വർഷത്തിലേറെയായി പ്രവാസിയായ കാസർകോട് ബിരിക്കുളം സ്വദേശി പ്രേം ബിലാത്തറയാണ് വൈറൽ ശബ്ദത്തിന് ഉടമ.

ജനപ്രിയ തെലുങ്ക് ഗാനമായ 'വച്ചിണ്ടമ്മ'യുടെ വരികൾ മാറ്റി പ്രേം സരസമായി പാടിയ വരികൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്. നാല് ദിവസത്തിനുള്ളിൽ 50 ലക്ഷത്തിലധികം കാഴ്ചക്കാരാണ് ഈ പാട്ടിന് ലഭിച്ചത്. പിന്നീട് അസമിൽ നിന്നുള്ള ക്രിയേറ്റർ ബിട്ടുബാബ എ.ഐ (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ ഗാനം റീമിക്സ് ചെയ്യുകയായിരുന്നു. എ.ഐ ശബ്ദമാറ്റം കാരണം തുടക്കത്തിൽ ഗായകനെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ലെങ്കിലും ഒടുവിൽ പ്രേം തന്നെ നേരിട്ടെത്തി കാര്യം വ്യക്തമാക്കുകയായിരുന്നു.

ചെറുപ്പകാലം മുതൽ പാരഡി ഗാനങ്ങളോടുള്ള താത്പര്യമാണ് പ്രേമിനെ പാട്ടെഴുത്തിലേക്ക് നയിച്ചത്. മുൻപ് ഉള്ളിവില ഉയർന്ന സമയത്ത് പ്രേം എഴുതിപ്പാടിയ 'ഉള്ളിപ്പാട്ട്' വാട്‌സ്ആപ്പിൽ വൻ പ്രചാരം നേടിയിരുന്നെങ്കിലും അതിന് പിന്നിലെ ആൾ പ്രേമാണെന്ന് സുഹൃത്തുക്കൾക്ക് പോലും അറിയുമായിരുന്നില്ല.

ചലച്ചിത്ര താരങ്ങളും കൊച്ചുകുട്ടികളുമടക്കം ലക്ഷക്കണക്കിന് ആളുകളാണ് പ്രേമിന്റെ പുതിയ ഗാനത്തിന് റീലുകൾ ചെയ്ത് തരംഗമാക്കുന്നത്. അമ്മ ജാനകിയും സഹോദരിമാരും നൽകുന്ന പിന്തുണയോടെ പ്രവാസലോകത്ത് ഇരുന്നുകൊണ്ട് തുടർന്നും സംഗീത യാത്ര മുന്നോട്ട് കൊണ്ടുപോകാനാണ് ഈ കാസർകോടുകാരന്റെ തീരുമാനം.



വളരെ പുതിയ വളരെ പഴയ