തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമസാധുത ഉറപ്പുവരുത്തുന്നതിനുമായി പുതിയ ബോധവൽക്കരണ നിർദ്ദേശവുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി ഡി ആർ എഫ് എ) രംഗത്ത്.
അംഗീകൃത നിയമപരമായ ചട്ടങ്ങൾക്ക് വിധേയമല്ലാതെ ഒരു കാരണവശാലും തൊഴിലുടമകൾ തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ കൈവശം വെക്കാനോ പിടിച്ചുവെക്കാനോ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇ നിയമപ്രകാരം തൊഴിലാളിയുടെ വ്യക്തിഗത രേഖകൾ സ്വന്തം പക്കൽ സൂക്ഷിക്കാനുള്ള അവകാശം അവർക്കുണ്ട്. ഇത് ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ജി ഡി ആർ എഫ് എ ഓർമ്മിപ്പിച്ചു.
