മസാജ് സെന്‍ററിന്‍റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; ഏഴ് പ്രവാസികള്‍ അറസ്റ്റില്‍


റിയാദ്: സൗദി തലസ്ഥാനത്തെ ഒരു മസാജ് സെന്‍റർ കേന്ദ്രീകരിച്ച്‌ അനാശാസ്യ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരുന്ന ഏഴ് വിദേശികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു.

നഗരത്തിലെ പ്രമുഖ 'റിലാക്സേഷൻ ആൻഡ് ബോഡി കെയർ സെന്‍ററി'ല്‍ പൊതുമര്യാദകള്‍ക്ക് നിരക്കാത്ത പ്രവർത്തനങ്ങള്‍ നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.

ജനറല്‍ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് കമ്യൂണിറ്റി സെക്യൂരിറ്റി, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗം എന്നിവയുമായി സഹകരിച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ കർശന പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. 

പിടിയിലായവർക്കെതിരെ നിയമാനുസൃതമായ പ്രാഥമിക നടപടികള്‍ പൂർത്തിയാക്കി. ഇവരെ തുടർ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു. 

നിയമ വിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് നടത്തിയ മസാജ് സെന്ററിനെതിരെ റിയാദ് മുനിസിപ്പാലിറ്റിയുടെ മുനിസിപ്പല്‍ പെനാല്‍റ്റി റെഗുലേഷൻ പ്രകാരമുള്ള കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ വരും ദിവസങ്ങളിലും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കർശനമായ പരിശോധനകള്‍ തുടരുമെന്ന് സുരക്ഷാ വിഭാഗം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

 പൊതുനിയമങ്ങളും രാജ്യത്തെ മര്യാദകളും ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ