കുവൈറ്റിലെ ഒരു കടയ്ക്ക് മുന്നില്‍ മാത്രം തടിച്ചു കൂടി ആളുകള്‍: നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ വിൽപ്പന നടത്തിയ നാലുപേര്‍ പിടിയിൽ


കുവൈറ്റ്: കുവൈറ്റിലെ മിർഖാബില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ 'തമ്പാക്ക്' (ഗുഡ്ക/ഖൈനി) വില്‍പന നടത്തിയിരുന്ന കടയില്‍ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ മിന്നല്‍ പരിശോധനയില്‍ നാല് ഏഷ്യൻ പ്രവാസികള്‍ പിടിയിലായി.

കാപ്പിറ്റല്‍ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ നടന്ന ഈ പരിശോധനയില്‍, നിയമവിരുദ്ധ വില്‍പനയിലൂടെ സമാഹരിച്ച 9,826 കുവൈത്ത് ദിനാറും (ഏകദേശം 26 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പ്രതികളില്‍ നിന്ന് അധികൃതർ പിടിച്ചെടുത്തു.

മിർഖാബ് മേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് ഈ ലഹരി വില്‍പന കേന്ദ്രം കണ്ടെത്തിയത്.

 ഒരു പ്രത്യേക കടയ്ക്ക് മുന്നില്‍ വൻതോതില്‍ പ്രവാസി തൊഴിലാളികള്‍ തടിച്ചു കൂടി നില്‍ക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. എന്നാല്‍, സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനം കണ്ടതോടെ കടയുടെ മുന്നിലുണ്ടായിരുന്ന ഭൂരിഭാഗം ആളുകളും പരിഭ്രാന്തരായി ഓടിരക്ഷപ്പെട്ടു. 

സംശയം തോന്നിയ പോലീസ് ഉടൻ തന്നെ കട വളയുകയും, കടയുടമ, ഇയാളുടെ സഹായി, പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങാനെത്തിയ മറ്റ് രണ്ട് പ്രവാസികള്‍ എന്നിവരെ സംഭവസ്ഥലത്തുനിന്ന് തന്നെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ലഹരി പദാർത്ഥങ്ങളായ തമ്പാക്കും നിക്കോട്ടിൻ അടങ്ങിയ മറ്റ് നിരോധിത വസ്തുക്കളും വാങ്ങാനാണ് തൊഴിലാളികള്‍ ഇവിടെ തടിച്ചുകൂടിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

തുടർന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ സ്ഥലത്തെത്തി പിടിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ വിശദമായി പരിശോധിച്ചു. ഇവ രാജ്യത്തേക്ക് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണെന്ന് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

പിടിയിലായ നാല് ഏഷ്യൻ പ്രവാസികള്‍ക്കെതിരെയും കള്ളക്കടത്ത്, നിരോധിത ലഹരിവസ്തുക്കളുടെ വിപണനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കടുത്ത നിയമനടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് കുവൈത്ത് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ