ദോഹ: കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ പതിനേഴുകാരൻ ഹൃദയാഘാതം മൂലം ഖത്തറിൽ അന്തരിച്ചു. കുറ്റ്യാടി വളയന്നൂർ സ്വദേശി കാരപ്പാറ ജാഫർ-സഫീന ദമ്പതികളുടെ മകൻ ഫനാർ മുഹമ്മദ് (17) ആണ് മരിച്ചത്. ദോഹയിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ഫനാർ.
ചൊവ്വാഴ്ച രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്നതായിരുന്നു ഫനാർ. ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം വക്ര ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. വിദ്യാർത്ഥിയുടെ അപ്രതീക്ഷിത വിയോഗം പ്രവാസി മലയാളികൾക്കിടയിലും സ്കൂൾ സുഹൃത്തുക്കൾക്കിടയിലും വലിയ സങ്കടമായി മാറിയിരിക്കുകയാണ്.
