ഷാർജ: ദുബായിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും അഞ്ചു വയസ്സുകാരിയായ മകളും മരിച്ചുവെന്ന തരത്തിൽ നേരത്തെ പുറത്തുവന്ന വാർത്തകൾ തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്.
ഷാർജ അൽ നഹ്ദ മേഖലയിലെ ബഹുനില പാർപ്പിട സമുച്ചയത്തിന്റെ പതിനഞ്ചാം നിലയിൽ നിന്ന് അമ്മ മകളെ താഴേക്ക് എറിഞ്ഞ ശേഷം ചാടി മരിക്കുകയായിരുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കണ്ണൂർ അഴീക്കോട് സ്വദേശിനി ആർഷ (35), മകൾ റുഹി എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ദുബായിൽ ജോലി ചെയ്യുന്ന ആർഷയുടെ ഭർത്താവ് നിഹിലിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ബുധനാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ഈ ദൂരന്തമുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ വലിയ ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ഗാർഡാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയുടെ മൃതദേഹം റോഡിലും അമ്മയുടെ മൃതദേഹം നടപ്പാതയിലുമാണ് കിടന്നിരുന്നത്. സെക്യൂരിറ്റി ഗാർഡ് ഉടൻ തന്നെ പോലീസിനെയും ആംബുലൻസിനെയും വിവരമറിയിക്കുകയായിരുന്നു.
കെട്ടിടത്തിന് ആറ് നിലകളിൽ പാർക്കിംഗും മറ്റൊരു നിലയിൽ ജിമ്മും ഉള്ളതിനാൽ, ഇരകൾ നിലത്തുനിന്ന് 22 നിലകൾക്ക് മുകളിലുള്ള ഉയരത്തിൽ നിന്നാണ് താഴേക്ക് വീണത്.
കുടുംബ വഴക്കിനെ തുടർന്ന് സംഭവത്തിന്റെ തലേ ദിവസം പോലീസ് ഈ അപ്പാർട്ട്മെന്റ് സന്ദർശിച്ചിരുന്നതായി അയൽവാസികൾ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ ഭാര്യക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ഭർത്താവ് തന്നോട് പറഞ്ഞിരുന്നതായി സെക്യൂരിറ്റി ഗാർഡ് വ്യക്തമാക്കി.
കേരളത്തിൽ നിന്നുള്ള ഈ ദമ്പതികൾ പന്ത്രണ്ട് വർഷമായി വിവാഹിതരാണ്. കഴിഞ്ഞ ഏഴ് വർഷത്തിലേറെയായി ഇവർ ഇതേ അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്.
ആർഷയുടെ സഹോദരിയുടെ കുടുംബം ഇതേ കെട്ടിടത്തിലെ തൊട്ടടുത്തുള്ള അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. ഭർത്താവിന്റെ പിതാവും സഹോദരന്റെ കുടുംബവും യുഎഇയിലുണ്ട്. മരിച്ച ആർഷ യുഎഇയിൽ ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു.
എല്ലാവരോടും വളരെ സൗഹൃദത്തോടെ പെരുമാറിയിരുന്ന അഞ്ചുവയസ്സുകാരി റുഹിയുടെ വേർപാട് കെട്ടിടത്തിലെ താമസക്കാരെയും ജീവനക്കാരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
എല്ലാ ദിവസവും രാവിലെ അച്ഛൻ സ്കൂളിൽ കൊണ്ടുവിടുമ്പോൾ കൈവീശി യാത്രപറയുന്ന കുട്ടിയെ കണ്ണീരോടെയാണ് സെക്യൂരിറ്റി ഗാർഡ് ഓർക്കുന്നത്. മരണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
