ഒമാൻ മറ്റെല്ലാ രാജ്യങ്ങളെയും പോലെ പെരുമാറണം, ഇല്ലെങ്കിൽ തകർത്തുകളയും; കടുത്ത ഭീഷണിയുമായി ഡോണൾഡ് ട്രംപ്

 


വാഷിംഗ്ടൺ: ഒമാനെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഒമാൻ മറ്റെല്ലാ രാജ്യങ്ങളെയും പോലെ പെരുമാറണമെന്നും അല്ലാത്തപക്ഷം ആ രാജ്യത്തെ തകർത്തുകളയുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായി തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാനും ഒമാനും ചേർന്ന് നിയന്ത്രിക്കുമെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളിക്കൊണ്ടാണ് ട്രംപിന്റെ ഈ ഭീഷണി.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ആർക്കും വിട്ടുനൽകില്ലെന്ന് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കി. ഹോർമുസ് എന്നത് ഒരു രാജ്യാന്തര ജലപാതയാണെന്നും അതിൽ ഒരു രാജ്യത്തിനും പ്രത്യേക അവകാശവാദമുന്നയിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് പകരമായി അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കുമെന്നും, ഈ മേഖലയുടെ നിയന്ത്രണം ഇറാനും ഒമാനുമായിരിക്കുമെന്നുമാണ് ഇറാൻ മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തത്. ധാരണാപത്രത്തിലെ വ്യവസ്ഥകൾ എന്ന രീതിയിലാണ് ഇറാൻ മാധ്യമങ്ങൾ ഇത് പുറത്തുവിട്ടത്. എന്നാൽ ഈ വാർത്തകൾ കെട്ടിച്ചമച്ചതാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ ശക്തമായ നിരീക്ഷണം തുടരുമെന്നും ഇതിന്റെ നിയന്ത്രണം ഒരു രാജ്യത്തിനും വിട്ടുകൊടുക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. 60 ദിവസത്തിനുള്ളിൽ ഇരുവിഭാഗവും അന്തിമ കരാറിൽ എത്തുന്നപക്ഷം ഇത് യു എൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച് അംഗീകാരം തേടണമെന്നും വ്യവസ്ഥയിലുണ്ടെന്ന് ഇറാൻ മാധ്യമങ്ങൾ അവകാശപ്പെട്ടിരുന്നു. ഇറാൻ വിഷയവുമായി ബന്ധപ്പെട്ട് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന് തൊട്ടുമുമ്പാണ് ഇറാൻ മാധ്യമങ്ങൾ ഇത്തരമൊരു ധാരണാപത്രത്തിലെ വിവരങ്ങൾ പുറത്തുവിട്ടത്.


വളരെ പുതിയ വളരെ പഴയ