കുവൈത്ത് സിറ്റി: പെരുന്നാള്‍-വേനലവധിക്കാലം പ്രമാണിച്ച് യാത്രക്കാർക്കായി ആകർഷകമായ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് പ്രമുഖ ബജറ്റ് എയർലൈനായ ജസീറ എയർവേയ്‌സ്.
തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് വണ്‍-വേ ടിക്കറ്റുകള്‍ വെറും 15 കുവൈത്തി ദിനാർ (ഏകദേശം 4000 ഇന്ത്യൻ രൂപ) മുതലുള്ള നിരക്കിലാണ് എയർലൈൻ ലഭ്യമാക്കിയിരിക്കുന്നത്. മെയ് 31 വരെ മാത്രമായിരിക്കും ഈ പരിമിതകാല ഓഫറിന്റെ കാലാവധി.
ഈ ഓഫർ പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 2026 മെയ് 27 മുതല്‍ സെപ്റ്റംബർ 30 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യാവുന്നതാണ്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജസീറയുടെ സ്വന്തം ടി5 (T5) ടെർമിനല്‍ വഴിയുള്ള നേരിട്ടുള്ള വിമാന സർവീസുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പെരുന്നാള്‍ കാലത്ത് കുറഞ്ഞ നിരക്കില്‍ യാത്രയൊരുക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജസീറ എയർവേയ്‌സ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസർ പോള്‍ കാരോള്‍ വ്യക്തമാക്കി.
ഓഫർ നിരക്കില്‍ ടിക്കറ്റുകള്‍ സ്വന്തമാക്കാൻ താല്പര്യപ്പെടുന്നവർ ജസീറ എയർവേയ്‌സിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴിയോ അല്ലെങ്കില്‍ കമ്പനിയുടെ ഹെല്‍പ്‌ലൈൻ നമ്പറായ 177-ല്‍ ബന്ധപ്പെട്ടോ മെയ് 31-നകം ബുക്കിംഗ് പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.
