ദോഹ :ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ബുധനാഴ്ച രാവിലെ ലുസൈൽ ഈദ് ഗാഹിൽ നടന്ന ഈദുൽ അദ്ഹാ നമസ്‌കാരത്തിൽ പങ്കെടുത്തു. നിരവധി പൗരന്മാരും പ്രമുഖരും അമീറിനൊപ്പം നമസ്‌കാരത്തിൽ പങ്കാളികളായി. ഇസ്ലാമിക രാഷ്ട്രങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങൾക്കും അമീർ പെരുന്നാൾ ആശംസകൾ നേർന്നു. ഈ പുണ്യവേളയിൽ എല്ലാവർക്കും നന്മയും സമാധാനവും ഉണ്ടാവട്ടെ എന്നും അമീർ ആശംസിച്ചു.
അമീരിന്റെ വ്യക്തിഗത പ്രതിനിധി ജാസിം ബിൻ ഹമദ് അൽതാനി, അബ്ദുല്ല ബിൻ ഖലീഫ അൽതാനി, മുഹമ്മദ് ബിൻ ഖലീഫ അൽതാനി, ജാസിം ബിൻ ഖലീഫ അൽതാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി തുടങ്ങിയവരും നമസ്‌ക്കാരത്തിൽ പങ്കെടുത്തു. ശൂറ കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുല്ല അൽ ഗാനിം, മന്ത്രിമാർ, ശൂറ കൗൺസിൽ അംഗങ്ങൾ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ എന്നിവരും നമസ്‌കാര ചടങ്ങിൽ സന്നിഹിതരായിരുന്നു.
തുടർന്ന് ഈദ് ഖുത്ബ നിർവഹിച്ച ശൈഖ് ഡോ. യഹ്യ ബത്തി അൽ നുഐമി ഇസ്ലാമിക ആചാരാനുഷ്ഠാനങ്ങളുടെ പ്രാധാന്യം വിശദീകരിച്ചു. ഈദുൽ അദ്ഹാ വിശ്വാസം, സമർപ്പണം, നന്ദി, ആരാധന എന്നിവ ഓർമ്മപ്പെടുത്തുന്ന ആത്മീയ ആഘോഷമാണെന്നും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും മതപരമായ പാരമ്പര്യങ്ങൾ പുതുക്കുന്നതിനും ഈദ് സഹായിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
