സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂർ പെരിങ്ങാടി സ്വദേശി സജീം (45), കണ്ണൂർ ചെറുകുന്ന് സ്വദേശി കണ്ടിവളപ്പില്‍ ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്.
സജീമിന്റെ മരണ വാർത്ത വന്നെങ്കിലും വിശദാംശങ്ങൾ ലഭ്യമായിരുന്നില്ല. പിന്നീടാണ് കൂടെയുണ്ടായിരുന്ന ശ്രീലേഷും മരണപ്പെട്ടെന്ന ദുഃഖ വാർത്ത പ്രവാസ ലോകത്തെ നടുക്കിക്കൊണ്ട് പുറത്ത് വന്നത്.
ശനിയാഴ്ച രാത്രി എട്ട് മണിയോടെ ദഹ്റാൻ-ജുബൈല്‍ ഹൈവേയില്‍ ഖത്വീഫ് സെൻട്രല്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.
റാസ് തനൂറയില്‍ നിന്ന് ദമ്മാമിലേക്ക് കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരുടെ വാഹനത്തിലേക്ക് ഒരു സ്വദേശി യുവാവ് ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ശക്തമായ ഇടിയുടെ ആഘാതത്തില്‍ ഇവർ സഞ്ചരിച്ചിരുന്ന കാർ പലതവണ മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
പൂർണ്ണമായും തകർന്ന വാഹനത്തിനുള്ളില്‍ കുടുങ്ങിയ ഇരുവരെയും രക്ഷാപ്രവർത്തകർ ഏറെ ശ്രമിച്ചാണ് പുറത്തെടുത്തത്. സജീം അപകടസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീലേഷിനെ ഉടൻ തന്നെ ഖത്വീഫ് സെൻട്രല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ദമ്മാമില്‍ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്ന സജീമിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ശ്രീലേഷ്. രാത്രി വൈകിയും ഇരുവരും താമസ സ്ഥലത്ത് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചു.
തുടർന്നാണ് ഖത്വീഫ് പൊലീസില്‍ നിന്നും അപകടവിവരം സുഹൃത്തുക്കള്‍ അറിയുന്നത്. നിലവില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ ഖത്വീഫ് സെൻട്രല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ശ്രീലേഷിന്റെ മരണം കുടുംബത്തിന് ഇരട്ട ദുരിതമാണ് സംഭവിച്ചിരിക്കുന്നത്. അഞ്ച് വർഷം മുമ്പാണ് ശ്രീലേഷിന്റെ ഏക സഹോദരൻ ശ്രീരാഗ് മരണപ്പെട്ടത്. അനുജന്റെ അഞ്ചാം ചരമ വാർഷിക ദിനത്തില്‍ തന്നെ ജ്യേഷ്ഠനായ ശ്രീലേഷും വിട പറഞ്ഞത് കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
ശ്രീലേഷിന്റെ പിതാവ് ദീർഘകാലം ബഹ്റൈനില്‍ പ്രവാസിയായിരുന്നു. നിയമ നടപടികള്‍ പൂർത്തിയാക്കിയ ശേഷം ശ്രീലേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനാണ് സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും ശ്രമിക്കുന്നത്.
മരണപ്പെട്ട സജീമിന്റെ മൃതദേഹം ദമ്മാമില്‍ തന്നെ ഖബറടക്കാനാണ് ബന്ധുക്കള്‍ തീരുമാനിച്ചിരിക്കുന്നത്. ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി നാട്ടിലുള്ള അദ്ദേഹത്തിന്റെ മാതാപിതാക്കളെയും ഭാര്യ റുഹാലത്തിനെയും മക്കളായ ആദില്‍, ഹുസൈൻ, അമല്‍ എന്നിവരെയും ദമ്മാമിലെത്തിക്കാനുള്ള വിസ നടപടികള്‍ നടന്നുവരികയാണ്.
