പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പെർഫോമിങ് ആർട്സ് സെന്ററുകളിലൊന്ന്; 'ദാർ അൽ ഫുനൂൻ അബുദാബി' 2030-ഓടെ പൊതുജനങ്ങൾക്കായി തുറക്കും

 


അബുദാബി: പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ പെർഫോമിങ് ആർട്സ് സെന്ററുകളിലൊന്നായ 'ദാർ അൽ ഫുനൂൻ അബുദാബി' (ഹൗസ് ഓഫ് ദി ആർട്ട്) 2030-ഓടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഏറ്റവും അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ നിർമിക്കുന്ന ഈ സാംസ്കാരിക കേന്ദ്രത്തെ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയുടെയും സുസ്ഥിര വികസനത്തിന്റെയും തന്ത്രപ്രധാനമായ ചാലകശക്തിയാക്കി മാറ്റാനാണ് എമിറേറ്റ് ലക്ഷ്യമിടുന്നത്. സഅദിയാത്ത് സാംസ്കാരിക മേഖലയോട് ചേർന്നുള്ള ഈ പദ്ധതിയുടെ പ്രഖ്യാപനത്തിന് അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സാക്ഷ്യം വഹിച്ചു. ജീവിതനിലവാരം ഉയർത്താനും ജനങ്ങൾക്കിടയിൽ സാംസ്കാരിക ആശയവിനിമയം ശക്തമാക്കാനുമുള്ള അബുദാബിയുടെ സമഗ്ര വികസന കാഴ്ചപ്പാടിന്റെ ഭാഗമാണ് ഹൗസ് ഓഫ് ദി ആർട്സ് എന്ന് കിരീടാവകാശി വ്യക്തമാക്കി.

ആറായിരത്തിലധികം പേരെ ഉൾക്കൊള്ളാൻ ശേഷി

വിവിധ ആർട്ട് സ്പേസുകളിലായി ആകെ ആറായിരത്തിലധികം പേരെ ഒരേസമയം ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ദാർ അൽ ഫുനൂൻ. 2000 സീറ്റുകളുള്ള മൾട്ടി പർപ്പസ് പെർഫോമൻസ് ഹാൾ, 3500 സീറ്റുകളുള്ള ഓപ്പൺ എയർ ആംഫി തിയേറ്റർ, 400 പേർക്കിരിക്കാവുന്ന സ്റ്റുഡിയോ തിയേറ്റർ, 250 സീറ്റുകളുള്ള ജാസ് വേദി എന്നിവ ഇതിലുണ്ടാകും. ഓപ്പറ, ബാലെ, തിയേറ്റർ അടക്കമുള്ള തത്സമയ കലാരൂപങ്ങളുടെയും ലോകോത്തര കലാസൃഷ്ടികളുടെയും സ്ഥിരം വേദിയായി ഇത് മാറും. പ്രശസ്ത ആർക്കിടെക്റ്റ് അന്തരിച്ച ഫ്രാങ്ക് ഗെഹ്രിയാണ് സംഗീതത്തിൽ നിന്നും പെർഫോമിങ് ആർട്സിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഇതിന്റെ സുതാര്യമായ വാസ്തുവിദ്യാ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്.

ആഗോള സാംസ്കാരിക ഭൂപടത്തിൽ ഇടം നേടാൻ അബുദാബി

അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ് (ഡി.സി.ടി അബുദാബി) കമ്മീഷൻ ചെയ്ത ഈ പദ്ധതി, പ്രാദേശിക-അന്തർദേശീയ പ്രതിഭകളെ ആകർഷിക്കുന്നതിനൊപ്പം ഇമാറാത്തി കലകൾക്ക് ആഗോളതലത്തിൽ വലിയൊരു വേദിയൊരുക്കുമെന്ന് ഡി.സി.ടി അബുദാബി ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് വ്യക്തമാക്കി. സഅദിയാത്ത് ദ്വീപിന്റെ സാംസ്കാരിക വികസനത്തിന്റെ ഭാഗമായുള്ള ഈ പദ്ധതി ലുവ്‌റേ അബുദാബി, സായിദ് നാഷണൽ മ്യൂസിയം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ടീംലാബ് ഫിനോമിന, വരാനിരിക്കുന്ന ഗുഗ്ഗൻഹൈം അബുദാബി എന്നിവയോടൊപ്പം ചേരുന്നതോടെ എമിറേറ്റിന്റെ സ്ഥാനം ആഗോള സാംസ്കാരിക ഭൂപടത്തിൽ കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

വളരെ പുതിയ വളരെ പഴയ