ദോഹ: ഖത്തറിലെ റാസ് ലഫാനിലുണ്ടായ അപകടത്തിൽ മരണപ്പെട്ട മുഴുവൻ ഇന്ത്യൻ പൗരന്മാരുടെയും മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് അയച്ചതായി ദോഹയിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി അറിയിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട 12 ഇന്ത്യക്കാരിൽ നാല് പേരുടെ മൃതദേഹങ്ങൾ ജൂൺ 25ന് തന്നെ നാട്ടിലേക്ക് എത്തിച്ചിരുന്നു. ഇതിന് പിന്നാലെ ശേഷിച്ച മൃതദേഹങ്ങളും വെള്ളിയാഴ്ചയോടെ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ത്യയിലേക്ക് അയക്കുകയായിരുന്നു.
അധികൃതർക്കും സംഘടനകൾക്കും നന്ദി അറിയിച്ച് എംബസി
മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കുന്നതിനായി സഹകരിച്ച ഖത്തരി അധികൃതർക്കും, ദുരന്തസമയത്ത് ഒപ്പം നിന്ന വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകൾക്കും, ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന സർക്കാർ സംവിധാനങ്ങൾക്കും ഇന്ത്യൻ എംബസി പ്രത്യേക നന്ദി രേഖപ്പെടുത്തി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസ ലോകത്തെ നടുക്കിയ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എംബസിയുടെ നേതൃത്വത്തിൽ ഉറപ്പാക്കിയിട്ടുണ്ട്.
