ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയൊരു തുകയും സ്വർണ്ണവും അടങ്ങിയ ബാഗ് നഷ്ടപ്പെട്ട അറബ് വനിതയ്ക്ക് രക്ഷകരായി ദുബായ് പൊലിസ്.
20,000 യു.എസ് ഡോളർ (ഏകദേശം 16 ലക്ഷത്തിലധികം രൂപ) പണവും 150 ഗ്രാം സ്വർണ്ണവും അടങ്ങിയ ബാഗാണ് വിമാനം പുറപ്പെടാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ യാത്രക്കാരിയെ കണ്ടെത്തി പൊലിസ് കൈമാറിയത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനല്‍ 1-ല്‍ നിന്നാണ് വിമാനത്താവള ജീവനക്കാരന് ഈ കറുത്ത ബാഗ് ലഭിക്കുന്നത്. വിവിധ വിദേശ കറൻസികള്‍, സ്വർണ്ണം എന്നിവയ്ക്ക് പുറമെ ഒന്നിലധികം മൊബൈല്‍ ഫോണുകളും പ്രധാനപ്പെട്ട ഔദ്യോഗിക വ്യക്തിഗത രേഖകളും ബാഗിലുണ്ടായിരുന്നു. ജീവനക്കാരൻ ഉടൻ തന്നെ ഇത് സുരക്ഷാ വിഭാഗത്തിന് കൈമാറി.
ബാഗ് നഷ്ടപ്പെട്ടതിനെക്കുറിച്ച് ഉടമസ്ഥയില്‍ നിന്ന് പരാതിയൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന്, ടെർമിനല്‍ 1 സുരക്ഷാ വകുപ്പ് ഡയറക്ടർ കേണല്‍ അബ്ദുല്ല ഫൈസല്‍ അല്‍ ദോസാരിയുടെ നേതൃത്വത്തില്‍ ഉടമയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും യാത്രാ വിവരങ്ങളും പരിശോധിച്ചാണ് ബാഗിന്റെ ഉടമസ്ഥയായ അറബ് വനിതയെ പൊലിസ് തിരിച്ചറിഞ്ഞത്.
"ബാഗ് നഷ്ടപ്പെട്ട വിവരമറിഞ്ഞ് അവർ കടുത്ത ആശങ്കയിലായിരുന്നു. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലും, ബാഗ് തിരഞ്ഞുപോയാല്‍ സൗദി . അറേബ്യയിലേക്കുള്ള വിമാനം നഷ്ടപ്പെടുമോ എന്ന ഭയത്തിലുമായിരുന്നു അവർ," കേണല്‍ അല്‍ ദോസാരി പറഞ്ഞു.
യാത്രക്കാരി വിമാനത്തില്‍ കയറാൻ തൊട്ടുമുമ്പ് സുരക്ഷാ ഉദ്യോഗസ്ഥർ ടെർമിനലിനുള്ളില്‍ വെച്ച് അവരെ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ആവശ്യമായ നിയമപരമായ നടപടി ക്രമങ്ങള്‍ പൂർത്തിയാക്കുകയും രേഖകള്‍ പരിശോധിച്ച് ഉടമസ്ഥാവകാശം ഉറപ്പുവരുത്തുകയും ചെയ്ത ശേഷം ബാഗും അതിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും പൊലിസ് അവർക്ക് കൈമാറി.
തന്റെ യാത്രാ പദ്ധതികളെല്ലാം തകിടം മറിക്കുമായിരുന്ന വലിയൊരു നഷ്ടത്തില്‍ നിന്നും കൃത്യസമയത്ത് രക്ഷിച്ച ദുബൈ വിമാനത്താവള സുരക്ഷാ സംഘത്തിന് യാത്രക്കാരി നന്ദി അറിയിച്ച ശേഷമാണ് സൗദി അറേബ്യയിലേക്ക് വിമാനം കയറിയത്. മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ദുബായ് പൊലിസ് വീണ്ടും ലോകത്തിന് മാതൃകയാവുകയാണ്.
