വൻ ഇളവുകൾ: പ്രവാസി മലയാളികൾക്ക് ആശ്വാസവുമായി പുതിയ വാടക നയം പ്രഖ്യാപിച്ച് ദുബായ്


ദുബായ്∙ കുറഞ്ഞവരുമാനക്കാരായ മലയാളികളുൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വാസമായി പുതിയ വാടക നയം പ്രഖ്യാപിച്ച് ദുബായ് ലാൻഡ് ഡിപാർട്ട്മെന്റ് (ഡിഎൽഡി). 

വാടകക്കാർക്ക് പ്രതിമാസ പേയ്‌മെന്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്ന ‘ഫ്ലെക്സി റെന്റ്സ്’ എന്ന പദ്ധതിയാണ് ലാൻഡ് ഡിപാർട്ട്മെന്റ് ചൊവ്വാഴ്ച ലോഞ്ച് ചെയ്തത്.

താമസം ലളിതമാക്കുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചതെന്ന് ദുബായ് ലാൻഡ് ഡിപാർട്ട്മെന്റിലെ റെന്റൽ അഫയേഴ്സ് വിഭാഗം ഡയറക്ടർ ഖാലിദ് അൽ ഷൈബാനി വ്യക്തമാക്കി. 

പദ്ധതിയുടെ ആദ്യഘട്ടത്തിൽ ദുബായിലെ 12 പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികളുമായി ചേർന്നാണ് ലാൻഡ് ഡിപാർട്ട്മെന്റ് പുതിയ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. പുതിയ വാടകക്കാർക്കും നിലവിൽ താമസിക്കുന്നവർക്കും ഒരുപോലെ ഈ ആനുകൂല്യം ലഭിക്കും.

പ്രധാന ഇളവുകൾ: നിലവിൽ 12 കമ്പനികൾ, കൂടുതൽ ഉടൻ

വർഷത്തിൽ ഒന്നോ അല്ലെങ്കിൽ ചില ചെക്കുകളായോ വലിയ തുക ഒരുമിച്ച് നൽകുന്നതിന് പകരം വാടക തുക 12 മാസത്തെ തവണകളായി വിഭജിച്ചു നൽകാം. വാടക പേയ്‌മെന്റുകൾക്കായി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ചെക്കുകൾ എന്നിവ ഉപയോഗിക്കാനുള്ള സൗകര്യം.

കരാറുകളിൽ പ്രത്യേകമായി ഇളവ് നൽകുന്ന ഗ്രേസ് പിരീഡുകൾ അനുവദിക്കും. ചില പ്രത്യേക സാഹചര്യങ്ങളിൽ ഇത്തവണത്തെ വാടക വർധനവ് ഒഴിവാക്കി നൽകാനും കമ്പനികൾക്ക് സാധിക്കും. മുൻപ് നാല് ചെക്കുകളായി വാടക നൽകാൻ കരാറിലേർപ്പെട്ടവർ പേയ്‌മെന്റ് പ്ലാൻ പുതുക്കുമ്പോൾ സാധാരണ ഈടാക്കാറുള്ള കാലതാമസ ഫീസുകൾ ഒഴിവാക്കും.

നിലവിൽ 12 കമ്പനികളുമായി ചേർന്നാണ് പദ്ധതി ആരംഭിച്ചിട്ടുള്ളതെങ്കിലും വരും ഘട്ടങ്ങളിൽ ദുബായ് വിപണിയിലെ കൂടുതൽ കമ്പനികളെ ഇതിന്റെ ഭാഗമാക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം മാത്രം ദുബായിൽ 12 ലക്ഷത്തോളം വാടകക്കരാറുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

 ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച താമസ-തൊഴിൽ നഗരമാക്കുക എന്ന ലക്ഷ്യത്തോടെ വരും മാസങ്ങളിൽ കൂടുതൽ അനുകൂല പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും ഡിഎൽഡി വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ