ആഗോളതലത്തിൽ ഇന്ത്യൻ പാസ്പോർട്ട് ഫീസിൽ വൻ വർധനവ് വരുത്താൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. ജൂലൈ 1 മുതൽ ഈ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. 2012-ന് ശേഷം നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാസ്പോർട്ട് നിരക്കുകളിൽ ഇത്രയും വലിയൊരു വർധനവ് ഉണ്ടാകുന്നത്. ശരാശരി 75 ശതമാനത്തോളമാണ് ഫീസ് വർധിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിൽ നിലവിൽ നോർമൽ പാസ്പോർട്ട് പുതുക്കാൻ ഏകദേശം 1500 രൂപയാണ് ഫീസ്. ഇത് ജൂലൈ 1 മുതൽ ഏകദേശം 2500 രൂപയായി വർധിക്കും.
ബഹ്റൈനിലെ പ്രവാസികൾക്കും ഈ വർധനവ് കനത്ത തിരിച്ചടിയാകും. ബഹ്റൈനിലെ കണക്കുകൾ പ്രകാരം, നോർമൽ പാസ്പോർട്ടിന് നിലവിൽ 27.800 ദിനാർ ഉള്ളത് വർധനവിന് ശേഷം ഏകദേശം 46 ദിനാറാകും. കുട്ടികളുടെ ജംബോ പാസ്പോർട്ട് ഫീസ് 36.700 ദിനാറിൽ നിന്ന് 65 ദിനാറായും, പാസ്പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ (ലോസ്റ്റ് അല്ലെങ്കിൽ ഡാമേജ്ഡ്) പുതിയത് എടുക്കാനുള്ള ഫീസ് 57.400 ദിനാറിൽ നിന്ന് 96 ദിനാറായും വർധിക്കും.
മുതിർന്നവരുടെ ജംബോ പാസ്പോർട്ട് ഫീസ് 63.700 ദിനാറിൽ നിന്ന് 111 ദിനാറായും, തത്കാൽ പാസ്പോർട്ട് ഫീസ് 90 ദിനാറിൽ നിന്ന് 158 ദിനാറായും ഉയരും. എമർജൻസി സർട്ടിഫിക്കറ്റ് ഫീസ് 6.200 ദിനാറിൽ നിന്ന് 11 ദിനാറായും വർധിപ്പിച്ചിട്ടുണ്ട് (image_1.png).
പാസ്പോർട്ട് പുതുക്കുന്നതിനും പുതിയത് ഇഷ്യൂ ചെയ്യുന്നതിനും മാത്രമാണ് ഈ ഫീസ് വർധനവ് ബാധകമാകുക
അറ്റസ്റ്റേഷൻ, പി.സി.സി (പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്), ബർത്ത് രജിസ്ട്രേഷൻ തുടങ്ങിയ മറ്റ് സേവനങ്ങൾക്ക് ഈ വർധനവ് ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അത്യാവശ്യമായി പാസ്പോർട്ട് പുതുക്കേണ്ടവർ ജൂൺ 30-നകം അപേക്ഷിച്ച് ഫീസ് അടച്ചാൽ പഴയ നിരക്കിൽ തന്നെ സേവനം ലഭ്യമാകും. സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്ന ഈ തീരുമാനത്തിനെതിരെ പ്രവാസികൾക്കിടയിൽ കടുത്ത അമർഷം ഉയരുന്നുണ്ട്
പാസ്പോർട്ട് പുതുക്കാൻ പോകുന്നവർ വർധിപ്പിച്ച തുക കൂടി കൈയ്യിൽ കരുതേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഫീസ് അടയ്ക്കാൻ സാധിക്കാതെ അപ്പോയിന്റ്മെന്റുകൾ വീണ്ടും എടുക്കേണ്ട സാഹചര്യം ഉണ്ടായേക്കാം
