അബുദാബി: അബുദാബിയിലെ സായിദ് പോർട്ടിന് സമീപമുള്ള പ്രശസ്തമായ കാർപെറ്റ് സൂക്കില്‍ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയാണ് തീപിടിത്തം ഉണ്ടായത്.
തീ നിയന്ത്രണ വിധേയമാക്കാനും സ്ഥിതിഗതികള്‍ ശാന്തമാക്കാനുമുള്ള തീവ്രശ്രമത്തിലാണ് അബുദാബി പൊലീസും അബുദാബി സിവില്‍ ഡിഫൻസ് അതോറിറ്റിയും.
അപകടത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ച ഉടൻ തന്നെ ഫയർഫോഴ്സിന്റെയും എമർജൻസി വിഭാഗത്തിന്റെയും പ്രത്യേക സംഘങ്ങള്‍ സംഭവ സ്ഥലത്തേക്ക് എത്തിയിരുന്നു. മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങള്‍ സ്ഥലത്ത് തുടരുകയാണ്.
തീപിടിത്തം ഉണ്ടായ പ്രദേശത്തിന് സമീപമുള്ള റോഡുകളിലെ ഗതാഗതത്തെ ഇത് ബാധിച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
അബുദാബി പൊലീസും മറ്റ് സുരക്ഷാ വിഭാഗങ്ങളും ചേർന്ന സംയുക്ത സംഘമാണ് നിലവില്‍ രക്ഷാപ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അപകട സ്ഥലത്തേക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഇതിനകം എത്തിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
അതേസമയം തീപിടിത്തവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലോ മറ്റോ ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വിവരങ്ങളും ദൃശ്യങ്ങളും പങ്കുവെക്കരുതെന്ന് അധികൃതർ പൊതുജനങ്ങള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ഔദ്യോഗിക ചാനലുകള്‍ വഴി പുറത്തുവിടുന്ന കൃത്യമായ വിവരങ്ങള്‍ മാത്രം ആശ്രയിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫൻസ് അറിയിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
