സൗദിയിൽ നികുതി പിഴവുകൾക്കുള്ള ഇളവ് കാലാവധി ഡിസംബർ 31 വരെ നീട്ടി

 


സൗദി അറേബ്യയിലെ ബിസിനസ് സംരംഭകർക്കും വ്യക്തികൾക്കും ആശ്വാസമേകി നികുതി ലംഘനങ്ങൾക്കുള്ള സാമ്പത്തിക പിഴകൾ ഒഴിവാക്കാനുള്ള പദ്ധതി ആറുമാസത്തേക്ക് കൂടി നീട്ടി നൽകി. സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ഈ വിവരം അറിയിച്ചത്. ധനമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ കാലാവധി ഈ വർഷം ഡിസംബർ 31 വരെ തുടരും.

നികുതി രജിസ്ട്രേഷൻ കൃത്യസമയത്ത് ചെയ്യാത്തതിനായുള്ള പിഴ, നികുതി അടയ്ക്കുന്നതിലും ടാക്സ് റിട്ടേണുകൾ സമർപ്പിക്കുന്നതിലും വരുത്തിയ കാലതാമസത്തിനുള്ള തുക, മൂല്യവർദ്ധിത നികുതി റിട്ടേണുകളിൽ വരുത്തിയ തിരുത്തലുകളുമായി ബന്ധപ്പെട്ട് ചുമത്തിയ പിഴകൾ എന്നിവയ്ക്കാണ് പ്രധാനമായും ഇളവ് ലഭിക്കുക.

ഈ ആനുകൂല്യം ലഭിക്കുന്നതിനായി നികുതിദായകർ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. കൂടാതെ സമർപ്പിക്കാനുള്ള എല്ലാ റിട്ടേണുകളും പൂർണ്ണമായി സമർപ്പിക്കുകയും പിഴവുകൾക്ക് മുൻപുള്ള യഥാർത്ഥ നികുതി തുക പൂർണ്ണമായി അടച്ചുതീർക്കുകയും വേണം. തുക മുഴുവനായി ഒറ്റത്തവണ തീർക്കാൻ സാധിക്കാത്തവർക്ക് ആനുകൂല്യ കാലാവധിക്കുള്ളിൽ ഗഡുക്കളായി അടയ്ക്കാനുള്ള പ്ലാനിനായി അപേക്ഷിക്കാവുന്നതാണ്.

അതേസമയം മനഃപൂർവ്വമായ നികുതി വെട്ടിപ്പിലൂടെയുണ്ടാകുന്ന ശിക്ഷാനടപടികൾക്കും വാറ്റ് നിയമത്തിലെ വകുപ്പ് 45 പ്രകാരമുള്ള കടുത്ത പിഴകൾക്കും ഈ പദ്ധതി പ്രകാരം ഇളവ് ലഭിക്കില്ല. ഈ പദ്ധതി നിലവിൽ വരുന്നതിന് മുൻപ് അടച്ചുതീർത്ത പിഴത്തുക മsearച്ചുനൽകില്ലെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. 2026 ജൂൺ 30-ന് ശേഷം സമർപ്പിക്കേണ്ട നികുതി റിട്ടേണുകളുമായി ബന്ധപ്പെട്ട വൈകൽ പിഴകൾക്കും ഈ ഇളവ് ബാധകമായിരിക്കില്ല.

പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അടങ്ങിയ വഴികാട്ടി അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. സംശയനിവാരണത്തിനായി 19993 എന്ന യൂണിഫൈഡ് കോൾ സെന്റർ നമ്പറിലോ ഔദ്യോഗിക ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്.


വളരെ പുതിയ വളരെ പഴയ