യുഎഇയുടെ ആദ്യ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് വിജയകരം

 


യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ സർവീസ് വിജയകരമായി പൂർത്തിയാക്കി. ഫുജൈറയിൽ നിന്നും ആരംഭിച്ച് അബൂദബിയിലേക്കായിരുന്നു ഈ ചരിത്ര സർവീസ് നടത്തിയത്. ഇതോടെ ഒരു നഗരത്തിൽ നിന്നും മറ്റൊരു നഗരത്തിലേക്ക് പാസഞ്ചർ ട്രെയിൻ സർവീസുള്ള രണ്ടാമത്തെ ഗൾഫ് രാജ്യമായി യുഎഇ മാറി. യാത്രാ സൗകര്യം ലഭ്യമായതോടെ ട്രെയിനിലെ മുഴുവൻ ടിക്കറ്റുകളും നേരത്തെ തന്നെ വിറ്റുതീർന്നിരുന്നു.

ഇന്ന് പുലർച്ചെ കൃത്യം അഞ്ച് മുപ്പത്തിനാലിനാണ് ആദ്യ സർവീസ് യാത്ര തുടങ്ങിയത്. മലയാളികൾ ഉൾപ്പെടെ നിരവധിപേർ ഈ ചരിത്രനിമിഷത്തിന്റെ ഭാഗമാകാൻ സ്റ്റേഷനിൽ എത്തിയിരുന്നു. നാനൂറോളം യാത്രക്കാരാണ് ആദ്യ യാത്രയിലുണ്ടായിരുന്നത്. പുലർച്ചെ ഏഴ് മണിക്ക് തന്നെ യാത്രക്കാർ സ്റ്റേഷനിലേക്ക് എത്തിത്തുടങ്ങിയിരുന്നു.

രണ്ടായിരത്തി ഒൻപതിലാണ് യുഎഇ ഇത്തിഹാദ് റെയിൽ എന്ന പദ്ധതി മുന്നോട്ട് വെക്കുന്നത്. ആദ്യ ഘട്ടത്തിൽ ചരക്ക് ട്രെയിൻ സർവീസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഇപ്പോൾ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിച്ചിരിക്കുന്നത്. രണ്ടായിരത്തി മുപ്പതോടുകൂടി പതിനൊന്ന് സ്റ്റേഷനുകളുടെ നിർമാണം പൂർത്തിയാക്കി വർഷത്തിൽ മുപ്പത്തിയാറ് മില്യൺ യാത്രക്കാർക്ക് യാത്രാസൗകര്യം ഒരുക്കുക എന്നതാണ് ഇത്തിഹാദ് റെയിലിന്റെ ലക്ഷ്യം. യുഎഇയുടെ വിവിധ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റെയിൽ ശൃംഖല രാജ്യത്തെ യാത്രാ ചരക്ക് ഗതാഗത രംഗത്ത് വലിയൊരു വിപ്ലവത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.


വളരെ പുതിയ വളരെ പഴയ