ദോഹ: റോഡ് നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ 18 ശനിയാഴ്ച വരെ അൽ മർഖിയ സ്ട്രീറ്റിന്റെ ഒരു ഭാഗം താൽക്കാലികമായി അടച്ചിടുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അൽ ഗരാഫ പ്രദേശത്തെ അൽ ഹമാം ഇന്റർചേഞ്ചിന് സമീപമുള്ള അൽ മർഖിയ സ്ട്രീറ്റിന്റെ ഒരു ഭാഗത്തെ ഗതാഗതമാണ് ഈ ദിവസങ്ങളിൽ നിയന്ത്രിക്കുന്നത്. അതേസമയം, ഇതിന് ചുറ്റുമുള്ള മറ്റ് അനുബന്ധ റോഡുകൾ ഗതാഗതത്തിനായി തുറന്നിരിക്കും.
ഗതാഗത നിയന്ത്രണ സമയക്രമം താഴെ പറയുന്ന രീതിയിലാണ്:
ഞായർ മുതൽ വ്യാഴം വരെ: രാത്രി 12 മണി മുതൽ പുലർച്ചെ 5 മണി വരെ.
വെള്ളിയാഴ്ചകളിൽ: പുലർച്ചെ 2 മണി മുതൽ രാവിലെ 10 മണി വരെ.
ശനിയാഴ്ചകളിൽ: പുലർച്ചെ 2 മണി മുതൽ രാവിലെ 7 മണി വരെ.
ഈ വഴിയുള്ള യാത്രകൾ പൊതുജനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും, ആവശ്യമെങ്കിൽ ബദൽ പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. റോഡ് അടച്ചിട്ടിരിക്കുന്ന സമയങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ദിശാസൂചകങ്ങളും ഗതാഗത നിർദ്ദേശങ്ങളും കൃത്യമായി പാലിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
