ദോഹ: ഖത്തറിൽ ജൂൺ 29 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടലുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയുള്ള മുൻകരുതൽ നടപടിയായാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്.
വിനോദ ബോട്ടുകൾ, മത്സ്യബന്ധന ബോട്ടുകൾ, ജെറ്റ് സ്കീസുകൾ തുടങ്ങി എല്ലാത്തരം സമുദ്ര സഞ്ചാര യാനങ്ങൾക്കും ഈ വിലക്ക് ബാധകമായിരിക്കും എന്ന് മന്ത്രാലയം ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കി. എന്നാൽ അന്താരാഷ്ട്ര സമുദ്ര സഞ്ചാര നിയമങ്ങൾക്ക് വിധേയമായി സർവീസ് നടത്തുന്ന വലിയ കപ്പലുകളെ ഈ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച യാത്രാ പരിപാടികൾ ഉള്ളവർ ഈ നിർദ്ദേശം കർശനമായി പാലിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
