അബുദാബി: യുഎഇയുടെ ഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായ ഇത്തിഹാദ് റെയില്‍ യാത്രാ ട്രെയിൻ സർവീസിന്റെ ഔദ്യോഗിക തുടക്കത്തിന് ഇനി മണിക്കൂറുകള്‍ മാത്രം.
ചൊവ്വാഴ്ച പുലർച്ചെ 5.34ന്, ഫുജൈറയില്‍ നിന്ന് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി റെയില്‍വേ സ്റ്റേഷനിലേക്കുള്ള ആദ്യ യാത്രാ ട്രെയിൻ സർവീസ് ആരംഭിക്കും. രാജ്യത്തെ വിവിധ എമിറേറ്റുകളെ അതിവേഗ റെയില്‍ ശൃംഖലയില്‍ ബന്ധിപ്പിക്കുന്നതിലേക്കുള്ള നിർണായക ചുവടുവയ്പായാണ് ഈ സർവീസിനെ വിലയിരുത്തുന്നത്.
മണിക്കൂറില്‍ 200 കിലോമീറ്റർ വരെ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിൻ 1 മണിക്കൂർ 45 മിനിറ്റിനുള്ളില്‍ ഫുജൈറയില്‍ നിന്ന് അബൂദബിയിലെത്തും. ഓരോ ട്രെയിനിലും 400 യാത്രക്കാർക്ക് വരെ യാത്ര ചെയ്യാനാകും.
വിശാലമായ സീറ്റുകള്‍, ആധുനിക സുരക്ഷാ സംവിധാനങ്ങള്‍, ഡിജിറ്റല്‍ യാത്രാ സേവനങ്ങള്‍, ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലാണ് ട്രെയിനുകള്‍ ഒരുക്കിയിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ ഫുജൈറ-അബൂദബി സർവീസാണ് ആരംഭിക്കുന്നത്. പിന്നീട് ഘട്ടംഘട്ടമായി ദുബായ്, അല്‍ ദൈദ് , അല്‍ ദഫ്ര മേഖല, ഷാർജ എന്നിവയും യാത്രാ റെയില്‍ ശൃംഖലയുടെ ഭാഗമാകും.
ഭാവിയില്‍ യുഎഇയിലെ എല്ലാ പ്രധാന നഗരങ്ങളെയും സാമ്പത്തിക കേന്ദ്രങ്ങളെയും ദേശീയ റെയില്‍ ശൃംഖലയിലൂടെ ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
യാത്രാസമയം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം റോഡ് ഗതാഗതത്തിലെ തിരക്ക് കുറയ്ക്കാനും ഇന്ധന ഉപഭോഗം നിയന്ത്രിക്കാനും കാർബണ്‍ പുറന്തള്ളല്‍ കുറച്ച് സുസ്ഥിര ഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്താനും ഈ പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
വിനോദ സഞ്ചാരം, വ്യാപാരം, നിക്ഷേപം, ലോജിസ്റ്റിക്സ് തുടങ്ങി വിവിധ മേഖലകള്‍ക്കും ഇതിലൂടെ വലിയ ഉണർവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതിനകം ചരക്ക് ഗതാഗത രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച ഇത്തിഹാദ് റെയില്‍, യാത്രാ സർവീസ് ആരംഭിക്കുന്നതോടെ രാജ്യത്തെ പൊതുഗതാഗത മേഖലയില്‍ പുതിയ യുഗത്തിന് തുടക്കമാകുകയാണ്.
വിമാന യാത്രയ്ക്കും റോഡ് യാത്രയ്ക്കും പുറമെ അതിവേഗവും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ മറ്റൊരു ദേശീയ ഗതാഗത മാർഗം കൂടി യുഎഇ ജനതയ്ക്ക് ലഭ്യമാകും.
ലോകോത്തര അടിസ്ഥാന സൗകര്യ വികസനത്തില്‍ യുഎഇ കൈവരിച്ച മറ്റൊരു ചരിത്ര നേട്ടമായാണ് ഇത്തിഹാദ് റെയില്‍ യാത്രാ സർവീസിന്റെ തുടക്കത്തെ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക പുരോഗതിക്കും എമിറേറ്റുകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഈ റെയില്‍ ശൃംഖല നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
