ദിവസങ്ങൾക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി പടർത്തി ഇറാന് നേരെ അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ സൈനിക താവളങ്ങൾക്ക് നേരെയാണ് അമേരിക്കൻ സെൻട്രൽ കമാൻഡ് ആക്രമണം നടത്തിയത്. പാനമയുടെ വാണിജ്യ കപ്പലിന് നേരെ ഇറാൻ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയതിന് മറുപടിയായാണ് അമേരിക്കയുടെ ഈ നടപടി. താല്ക്കാലിക ധാരണയ്ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
ഇറാന്റെ എയർ ഡിഫൻസ് സംവിധാനങ്ങളെ ഉൾപ്പെടെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അമേരിക്കൻ സൈന്യം വ്യക്തമാക്കി. സിരിക്, ഖേഷം ദ്വീപുകളിൽ ശക്തമായ സ്ഫോടനമുണ്ടായതായി ഇറാൻ മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ കപ്പൽ ആക്രമണത്തിന് തൊട്ടുപിന്നാലെയായിരുന്നു അമേരിക്കയുടെ ഈ പ്രത്യാക്രമണം.
അതേസമയം ഇറാനെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. അമേരിക്കൻ സൈന്യം ജോലി തീർക്കാൻ തീരുമാനിച്ചാൽ ഇറാൻ പിന്നെ ബാക്കിയുണ്ടാകില്ലെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ നിലവിലെ അസ്വാരസ്യങ്ങൾക്കിടയിലും അമേരിക്കയും ഇറാനും തമ്മിലുള്ള തുടർ ചർച്ചകൾ തിങ്കളാഴ്ച നടക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ബഹറിനിൽ ഇറാൻ ആക്രമണ മുന്നറിയിപ്പ് നൽകുകയും കുവൈത്തിന് നേരെ ഇറാന്റെ ആക്രമണമുണ്ടാകുകയും ചെയ്തത് മേഖലയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
