ഇസ്‌ലാമാബാദ്: പശ്ചിമേഷ്യയിൽ നീണ്ടുനിന്ന യുദ്ധത്തിന് വിരാമമിട്ട് ഇറാനും അമേരിക്കയും തമ്മിൽ സമാധാന കരാറിൽ ധാരണയായി. ഇരു രാജ്യങ്ങളും തമ്മിൽ കരാറിലെത്തിയതായും വരും ദിവസങ്ങളിൽ സ്വിറ്റ്‌സർലൻഡിൽ വെച്ച് ഔദ്യോഗിക ഒപ്പുവെക്കൽ ചടങ്ങ് നടക്കുമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. ഇറാനുമായുള്ള കരാർ പൂർത്തിയായതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്. ഹുർമുസ് കടലിടുക്കിൽ ഇറാനെതിരെ ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം യു.എസ് അവസാനിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനെതിരായ സാമ്പത്തിക-നാവിക ഉപരോധങ്ങൾ അവസാനിപ്പിക്കുന്നതിനും ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമുള്ള പ്രാഥമിക ധാരണയിലെത്തിയതായി ഇറാനിയൻ ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്. ലബനാൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലെയും യുദ്ധവും സൈനിക നടപടികളും തിങ്കളാഴ്ച രാത്രിയോടെ ശാശ്വതമായി അവസാനിക്കുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ പ്രസ്താവനയിലൂടെ അറിയിച്ചു.
ആഗോളതലത്തിൽ എണ്ണവില ഗണ്യമായി കുറയാൻ ഈ സമാധാന കരാർ കാരണമായിട്ടുണ്ട്. മാസങ്ങളായി ഇറാൻ അടച്ചിട്ടിരുന്നതും ആഗോള എണ്ണ-വാതക വിതരണത്തിന്റെ പ്രധാന കപ്പൽ പാതയുമായ ഹുർമുസ് കടലിടുക്ക് വെള്ളിയാഴ്ചയോടെ പൂർണ്ണമായി തുറന്നുനൽകും. ഇതോടൊപ്പം ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ ഉപരോധങ്ങൾ പിൻവലിക്കാൻ ട്രംപ് ഉത്തരവിട്ടിട്ടുമുണ്ട്.
