ബൈക്ക് റേസിൽ വിജയിയായ 16കാരനെ തട്ടിക്കൊണ്ടുപോയി; കുറച്ച്‌ ദൂരം പോയി വഴിയില്‍ ഉപേക്ഷിച്ചു, പരാതിയില്‍ അന്വേഷണം തുടങ്ങി കുവൈറ്റ് പൊലീസ്


കുവൈറ്റ് സിറ്റി: അല്‍-സാല്‍മി റോഡില്‍ നടന്ന ബൈക്ക് റേസിന് ഒടുവില്‍ 16കാരനെ തട്ടിക്കൊണ്ടുപോയി പിന്നീട് വഴിയില്‍ ഉപേക്ഷിച്ചതായി പരാതി.

മത്സരത്തില്‍ മറ്റ് മത്സരാർത്ഥികളെ മറികടന്ന് ഒന്നാമതെത്തിയ കൗമാരക്കാരനെ, പരാജയപ്പെട്ട എതിരാളികളില്‍ ഒരാളും ഒപ്പമുണ്ടായിരുന്ന അജ്ഞാതനായ മറ്റൊരാളും ചേർന്ന് വഴിയില്‍ തടഞ്ഞു നിർത്തി ബലമായി കാറില്‍ കടത്തിക്കൊണ്ടു പോവുകയായിരുന്നു. 

സുരക്ഷാ വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്‌ ജഹ്‌റ ഭാഗത്തേക്കുള്ള അല്‍-സാല്‍മി റോഡിലെ 51-ാം കിലോ മീറ്റർ അടയാളത്തിന് സമീപമാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

തട്ടിക്കൊണ്ടു പോകലിന് ഇരയായ 16 വയസ്സുകാരൻ പൊലീസിന് നല്‍കിയ മൊഴി പ്രകാരം, പ്രതിയും കൂടെയുണ്ടായിരുന്ന ആളും ചേർന്ന് തന്റെ വാഹനം തടയുകയും ബലം പ്രയോഗിച്ച്‌ തന്നെ സ്വന്തം കാറില്‍ നിന്ന് വലിച്ചിറക്കി അവരുടെ വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയുമായിരുന്നു. 

കുറച്ചു ദൂരം പിന്നിട്ട ശേഷം ഇവർ ഇയാളെ വഴിയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. സംഭവസമയത്ത് പ്രതികളില്‍ ഒരാള്‍ ലഹരി പദാർത്ഥങ്ങള്‍ ഉപയോഗിച്ചിരുന്നതായോ അല്ലെങ്കില്‍ അസ്വാഭാവികമായ മാനസികാവസ്ഥയിലോ ആയിരുന്നുവെന്ന് ഇരയായ ആണ്‍കുട്ടി സൂചന നല്‍കിയിട്ടുണ്ട്. 

സംഭവത്തില്‍ സുരക്ഷാ അധികാരികള്‍ കേസ് രജിസ്റ്റർ ചെയ്യുകയും, കുറ്റവാളികളെ തിരിച്ചറിഞ്ഞ് ഉടൻ തന്നെ അറസ്റ്റ് ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ