യൂറോപ്യന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വെസ്റ്റ് നൈല്‍ വൈറസ്, ചിക്കന്‍ഗുനിയ തുടങ്ങിയവയുടെ വ്യാപനം ശക്തമാകുന്നു

 


ലണ്ടന്‍: ബ്രിട്ടീഷുകാര്‍ക്ക് ഏറെ പ്രിയപ്പെട്ട യൂറോപ്പിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കൊതുകുജന്യ രോഗങ്ങളുടെ വ്യാപനം ശക്തമാകുന്നതായി മുന്നറിയിപ്പ് വന്നിരിക്കുന്നു.

കടുത്ത ചൂട് കൊതുകുകളുടെ പ്രജനനത്തെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം ഒരുക്കുമെന്നതിനാല്‍ കൊതുകുകള്‍ പെരുകുന്ന കാലം കൂടിയാണ് വേനല്‍ക്കാലം. അതോടൊപ്പമാണ് വെസ്റ്റ് നൈല്‍, ചിക്കങുനിയ, ഡെങ്കി തുടങ്ങിയവയ്ക്ക് കാരണമാകുന്ന വൈറസുകളുടെ വ്യാപനവും ശക്തമാകുന്നത്.

 സന്ധിവേദന, ശരീരത്തളര്‍ച്ച, കാഴ്ചശക്തി നഷ്ടപ്പെടല്‍, എന്നിവയ്ക്ക് കാരണമാകുന്ന ഈ രോഗങ്ങള്‍ ചിലപ്പോഴെങ്കിലും മരണകാരണം വരെ ആകാറുമുണ്ട്.

വൈറസ് ബാധിച്ച മനുഷ്യരെയോ മൃഗങ്ങളിലൂടെയോ കൊതുകുകളില്‍ കയറിക്കൂടുന്ന വൈറസ് പിന്നീട് ആ കൊതുക് മറ്റൊരാളെ കടിക്കുമ്പോള്‍ അയാളിലേക്ക് പടരുന്നു. തുടര്‍ന്ന് രക്ത ചംക്രമണ വ്യവസ്ഥ വഴിയാണ് ഇത് മനുഷ്യ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്നത്.

 കഴിഞ്ഞ വേനല്‍ക്കാലത്ത് സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ആയിരത്തിലധികം പേര്‍ക്ക് ഈ രോഗങ്ങള്‍ ബാധിച്ചതായി ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 38 പേര്‍ മരണമടയുകയും ചെയ്തിരുന്നു.

ഇതില്‍ ഭൂരിഭാഗം പേരും മരണമടഞ്ഞത് വെസ്റ്റ് നൈല്‍ വൈറസ് ബാധയാലാണ്. ഈ വൈറസ് ഈ വേനലില്‍ വീണ്ടും എത്തിയിരിക്കുകയാണെന്നാണ് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

ഇറ്റലിയിലെ കാസെര്‍റ്റ, ഫ്‌ലോറന്‍സ്, വെറോണ എന്നിവിടങ്ങളില്‍ ഇവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. റൊമേനിയയിലും നോര്‍ത്ത് മേസിഡോനിയയിലും മൂന്ന് പേര്‍ക്ക് ഈ രോഗം സ്ഥിരീകരിച്ചിരുന്നു. വെസ്റ്റ് നൈല്‍ വൈറസിന്റെ അതിവേഗ വ്യാപനം യൂറോപ്പിലാകെ ആശങ്ക പരത്തിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ