വാഷിംഗ്ടണ്‍: സൊയൂസ് എംഎസ് 29 വിക്ഷേപിച്ചു. പാതി മലയാളിയും നാസയുടെ ബഹിരാകാശ സഞ്ചാരിയായ അനില്‍ മേനോനും കൂടി ഭാഗമായ ദൗത്യമാണ് സൊയൂസ്.
റോസ്കോസ്മോസിന്റെ പ്യോട്ടർ ഡുബ്രോവും അന്ന കിക്കിനയുമാണ് അനിലിന്റെ സഹയാത്രികർ.
കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമില്‍ നിന്നാണ് വിക്ഷേപിച്ചത്. രാത്രി 11:26 ഓടെ സൊയൂസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യും. പതിനഞ്ചിന് പുലർച്ചെ ഒന്നരയോടെയാകും മൂന്നംഗ സംഘം നിലയത്തിലേക്ക് പ്രവേശിക്കുക.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എട്ട് മാസത്തെ ദൗത്യ ശേഷം അടുത്ത വർഷം ഏപ്രിലില്‍ ആയിരിക്കും മടക്കം. ബഹിരാകാശ നിലയത്തിലെ എക്സ്പെഡിഷൻ 74ന്റെ ഭാഗമാകാനാണ് യാത്ര.
അനിലിന്റെ തയാറെടുപ്പുകള്‍ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. മിനിയപ്പലിസില്‍ ജനിച്ച അദ്ദേഹം ഹാർവാർഡ് സർവകലാശാലയില്‍ നിന്ന് ന്യൂറോബയോളജിയില്‍ ബിരുദം നേടി. പിന്നീട് മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങില്‍ സ്റ്റാൻഫോർഡില്‍ നിന്ന് മാസ്റ്റേഴ്സ് കരസ്ഥമാക്കി. അമേരിക്കൻ വ്യോമസേനയില്‍ കേണലായും സേവനമനുഷ്ഠിച്ചു.
സ്റ്റാൻഫോർഡില്‍ നിന്ന് വൈദ്യശാസ്ത്ര പഠനവും ഒപ്പം നാസയില്‍ സോഫ്റ്റ് ടിഷ്യു മൊഡലുകളെ പറ്റി ഗവേഷണവും നടത്തി. ആയിരത്തിലേറെ മണിക്കൂർ പറന്ന സെർട്ടിഫൈഡ് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ കൂടിയായ അനില്‍ മേനോൻ നാസയില്‍ ഫ്ലൈറ്റ് സർജനായി. പിന്നെ സ്പേസ് എക്സിൻ്റെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളിലും ഫ്ലൈറ്റ് സർജനായി.
ബഹിരാകാശ വൈദ്യശാസ്ത്രത്തില്‍ ഇരുപതിലേറെ പ്രബന്ധങ്ങള്‍ രചിച്ച പ്രതിഭാശാലി കൂടിയാണ് അനില്‍. നാസയുടെ ഇരുപത്തിമൂന്നാം ആസ്ട്രനോട്ട് ഗ്രൂപ്പിലേക്ക് അനില്‍ തെരഞ്ഞെടുക്കപ്പെട്ടത് ഈ അസാധാരണ മികവിന്റെ ബലത്തിലാണ്.
