ഇന്ത്യൻ യാത്രക്കാർക്കായി എമിറേറ്റ്സിന്റെ വമ്പൻ പ്രഖ്യാപനം; വിമാന ടിക്കറ്റ് നിരക്ക് ഇനി മാസ തവണകളായി അടയ്ക്കാം

 


ദുബൈ: ഇന്ത്യൻ യാത്രക്കാർക്ക് ആശ്വാസമേകുന്ന പുതിയ പ്രഖ്യാപനവുമായി പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മുഴുവൻ തുകയും ഒന്നിച്ച് നൽകുന്നതിന് പകരം, തുക കൃത്യമായ പ്രതിമാസ തവണകളായി അതായത് ഇഎംഐ ആയി അടയ്ക്കാനുള്ള പുതിയ സൗകര്യമാണ് എമിറേറ്റ്സ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ബഡ്ജറ്റിനെക്കുറിച്ച് ആകുലപ്പെടാതെ തന്നെ എമിറേറ്റ്സിന്റെ ആഗോള ശൃംഖലയിലുള്ള നൂറ്റിനാൽപതോളം ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യാൻ ഇന്ത്യൻ യാത്രക്കാർക്ക് സാധിക്കും.

പുതിയ പേയ്മെന്റ് പ്ലാൻ അനുസരിച്ച് യാത്രക്കാർക്ക് തങ്ങളുടെ ടിക്കറ്റ് തുക 3 മാസം മുതൽ 36 മാസം വരെയുള്ള വിവിധ പേയ്മെന്റ് കാലാവധികളിലേക്ക് വിഭജിച്ച് അടയ്ക്കാവുന്നതാണ്. എമിറേറ്റ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭ്യമാകും. ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കുക. ഇതിനായി പ്രമുഖ ഇന്ത്യൻ ബാങ്കുകളുമായി എമിറേറ്റ്സ് ഇതിനകം തന്നെ കൈകോർത്തു കഴിഞ്ഞു.

ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് കൂടുതൽ ലളിതവും വഴക്കമുള്ളതുമായ പേയ്മെന്റ് ഓപ്ഷനുകൾ നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എമിറേറ്റ്സിന്റെ ഇന്ത്യ, നേപ്പാൾ വൈസ് പ്രസിഡന്റ് മുഹമ്മദ് സർഹാൻ വ്യക്തമാക്കി. ഈ ഇഎംഐ പരിഹാരം ഇന്ത്യൻ യാത്രാ വിപണിയിൽ ഒരു വലിയ മാറ്റം കൊണ്ടുവരുമെന്നും, ആളുകൾക്ക് ദീർഘകാലമായി കാത്തിരിക്കുന്ന അവരുടെ സ്വപ്ന അവധിക്കാല യാത്രകൾ സ്വന്തം ബഡ്ജറ്റിന് ഇണങ്ങുന്ന രീതിയിൽ ആസൂത്രണം ചെയ്യാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനയാത്ര കൂടുതൽ സാധാരണക്കാരിലേക്ക് എത്തിക്കാനും യാത്രാ അനുഭവങ്ങൾ മെച്ചപ്പെടുത്താനും ഈ ഫ്ലെക്സിബിൾ പേയ്മെന്റ് ഓപ്ഷനിലൂടെ സാധിക്കുമെന്നാണ് എയർലൈനിന്റെ വിലയിരുത്തൽ.

 

വളരെ പുതിയ വളരെ പഴയ