പ്രവാസി പെൻഷൻ മുടങ്ങിയതിനെതിരെ ഖത്തറിൽ പ്രവാസി സംഘടനകളുടെ പ്രതിഷേധം

 


ദോഹ: കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ പ്രവാസി പെൻഷൻ വിതരണം കഴിഞ്ഞ മൂന്ന് മാസമായി പൂർണ്ണമായും മുടങ്ങിയിരിക്കുന്നതിനെതിരെ ഖത്തറിലെ ഇടതുപക്ഷ അനുകൂല സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്. സംസ്കൃതി ഖത്തർ, ഐഎംസിസി എന്നീ സംഘടനകളാണ് പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

ജീവിതത്തിന്റെ നല്ലൊരു സമയവും മരുഭൂമിയിലെ കഠിന സാഹചര്യങ്ങളിൽ പണിയെടുത്ത്, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുകയും കൃത്യമായി വിഹിതം അടച്ച് ഈ ക്ഷേമ പദ്ധതിയിൽ അംഗങ്ങളാവുകയും ചെയ്ത പ്രവാസികളോട് കാണിക്കുന്ന ഈ അവഗണന തികച്ചും പ്രതിഷേധാർഹമാണെന്ന് സംസ്കൃതി ഖത്തർ പ്രസ്താവനയിൽ അറിയിച്ചു. വാർദ്ധക്യകാലത്ത് നിത്യനിദാന ചെലവുകൾക്കും ചികിത്സയ്ക്കുമായി ഈ ചെറിയ തുകയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പതിനായിരക്കണക്കിന് വയോജന പ്രവാസികളും അവരുടെ കുടുംബങ്ങളും ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ തുക മുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കഴിഞ്ഞ മൂന്ന് മാസത്തെ പെൻഷൻ കുടിശ്ശിക അടിയന്തരമായി തീർപ്പാക്കാനും, പുതിയ പെൻഷൻ അപേക്ഷകൾ വൈകിപ്പിക്കുന്ന രീതി അവസാനിപ്പിക്കാനും എല്ലാ മാസവും കൃത്യസമയത്ത് പെൻഷൻ വിതരണം ഉറപ്പാക്കാൻ സ്ഥിരമായ സംവിധാനം രൂപീകരിക്കാനും സംസ്ഥാന സർക്കാരും പ്രവാസി ക്ഷേമനിധി ബോർഡും യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടണമെന്ന് സംസ്കൃതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

സ്വന്തം വിഹിതം നൽകി പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായ നിരവധി മടങ്ങിയെത്തിയ പ്രവാസികൾക്ക് ലഭിക്കേണ്ട പെൻഷൻ മാസങ്ങളായി മുടങ്ങിക്കിടക്കുന്നത് അത്യന്തം ഖേദകരമാണെന്ന് ഐഎംസിസി ഖത്തറും ചൂണ്ടിക്കാട്ടി. ക്ഷേമനിധിയിൽ അംഗങ്ങളായ പ്രവാസികൾക്ക് അവരുടെ അർഹമായ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കുടിശ്ശികയായ പ്രവാസി പെൻഷൻ യാതൊരു കാലതാമസവും കൂടാതെ വിതരണം ചെയ്യുന്നതിനും ഭാവിയിൽ പെൻഷൻ വിതരണം മുടങ്ങാതിരിക്കാനുള്ള സ്ഥിരം സംവിധാനം ഉറപ്പാക്കുന്നതിനും കേരള സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐഎംസിസി ഖത്തർ ആവശ്യപ്പെട്ടു. പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാഷ്ട്രീയ ഭിന്നതകൾക്കതീതമായി എല്ലാ ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക സംഘടനകളും പ്രവാസി സമൂഹത്തിനൊപ്പം ഉറച്ചുനിൽക്കണമെന്നും സംഘടനകൾ അഭ്യർത്ഥിച്ചു.


വളരെ പുതിയ വളരെ പഴയ