പൗരന്മാരുടെയും പ്രവാസികളുടെയും ഒപ്പുകള്‍ ദുരുപയോഗം ചെയ്ത് കോടതികളില്‍ നിന്ന് പണം തട്ടാൻ ശ്രമിച്ച ക്രിമിനല്‍ സംഘം കുവൈത്തില്‍ പിടിയില്‍


കുവൈത്ത് സിറ്റി: പൗരന്മാരുടെയും പ്രവാസികളുടെയും ഒപ്പുകള്‍ ദുരുപയോഗം ചെയ്ത് കോടതികളില്‍ വ്യാജ സാമ്പത്തിക കേസുകള്‍ ഫയല്‍ ചെയ്ത് പണം തട്ടാൻ ശ്രമിച്ച വിദേശ ക്രിമിനല്‍ സംഘം കുവൈത്തില്‍ പിടിയില്‍.

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ജനറല്‍ ഡിപ്പാർട്ട്മെന്റിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ക്രിമിനല്‍ സംഘത്തെ പിടികൂടിയത്.

ഒരു പൗരൻ നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. തനിക്ക് പരാതിക്കാരനുമായി യാതൊരു സാമ്പത്തിക ഇടപാടോ പരിചയമോ ഇല്ലാതിരുന്നിട്ടും തനിക്കെതിരെ പണം നല്‍കാൻ കോടതി വിധി വന്നതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 

അന്വേഷണത്തില്‍ പ്രധാന പ്രതി മുൻപ് ജോലി ചെയ്തിരുന്ന വാഹന വാടക കമ്പനിയിലെ അനുഭവം ഉപയോഗപ്പെടുത്തി വാടക നടപടികളുടെ ഭാഗമാണെന്ന് പറഞ്ഞ് പൗരന്മാരുടെയും പ്രവാസികളുടെയും ഒഴിഞ്ഞ പ്രോമിസറി നോട്ടുകളിലും രേഖകളിലും ഒപ്പുകള്‍ വാങ്ങിയതായി കണ്ടെത്തി.

 പിന്നീട് ഈ രേഖകള്‍ കൈവശം സൂക്ഷിച്ച ശേഷം രാജ്യം വിട്ട പ്രതി അവ ഉപയോഗിച്ച്‌ വ്യാജ സാമ്പത്തിക അവകാശവാദങ്ങള്‍ തയ്യാറാക്കി കോടതികളില്‍ സമർപ്പിക്കുകയായിരുന്നു.

പ്രധാന പ്രതിയുടെ സഹോദരിയാണ് വ്യാജ രേഖകള്‍ കോടതിയില്‍ സമർപ്പിക്കുകയും കേസുകള്‍ ഫയല്‍ ചെയ്യുകയും കോടതി വിധിക്ക് ശേഷം പണം കൈപ്പറ്റുകയും ചെയ്തിരുന്നത്. 

ഇവരെ അറസ്റ്റ് ചെയ്തപ്പോള്‍ നിരവധി പ്രോമിസറി നോട്ടുകള്‍, വ്യാജ രേഖകള്‍, പ്രാദേശിക ബാങ്കുകളുടെ രസീതുകള്‍ എന്നിവ കണ്ടെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അന്വേഷണത്തില്‍ ഇതേ രീതിയില്‍ 130ലധികം സാമ്പത്തിക കേസുകള്‍ സംഘം കോടതികളില്‍ ഫയല്‍ ചെയ്തതായി വ്യക്തമായി. 

ഒഴിഞ്ഞ പ്രോമിസറി നോട്ടുകളിലോ വിവരങ്ങള്‍ പൂർണമല്ലാത്ത രേഖകളിലോ ഒരിക്കലും ഒപ്പിടരുതെന്നും, ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിച്ച ശേഷമേ രേഖകളില്‍ ഒപ്പിടാവൂ എന്നും ആഭ്യന്തര മന്ത്രാലയം പൗരന്മാർക്കും പ്രവാസികള്‍ക്കും മുന്നറിയിപ്പ് നല്‍കി. ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ നിന്ന് സ്വയം സംരക്ഷിക്കാൻ പരമാവധി ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.

വളരെ പുതിയ വളരെ പഴയ