കുവൈത്ത് സിറ്റി: തായ്‌ലൻഡില്‍ നിന്ന് തപാല്‍ പാർസല്‍ വഴി കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് ശേഖരം ജനറല്‍ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പിടികൂടി.
എയർ കാർഗോ കസ്റ്റംസ് വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തികച്ചും വ്യത്യസ്തമായ രീതിയില്‍ ഒളിപ്പിച്ചുകടത്തിയ മയക്കുമരുന്ന് പിടികൂടിയത്.
ഔദ്യോഗിക രേഖകളില്‍ 'ഈന്തപ്പഴം' അടങ്ങിയ പാർസല്‍ എന്ന് രേഖപ്പെടുത്തിയിരുന്ന പാക്കറ്റില്‍ കസ്റ്റംസ് ഇൻസ്പെക്ടർമാർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് കണ്ടെത്തിയത്.
ഈന്തപ്പഴങ്ങള്‍ക്കുള്ളിലെ കുരു കളഞ്ഞ് അതിനുള്ളില്‍ പ്രത്യേകമായി തിരുകിക്കയറ്റിയ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇത്തരത്തില്‍ തയാറാക്കിയ 104 ഈന്തപ്പഴ കഷണങ്ങളാണ് കസ്റ്റംസ് കണ്ടെടുത്തത്.
പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 549 ഗ്രാം തൂക്കമുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ മയക്കുമരുന്ന് വിരുദ്ധ വകുപ്പുമായി ബന്ധപ്പെടുകയും പാർസല്‍ കൈപ്പറ്റാൻ എത്തിയ ശ്രീലങ്കൻ സ്വദേശിയായ പ്രതിയെ വലയിലാക്കുകയും ചെയ്തു.
സംഭവത്തില്‍ കസ്റ്റംസ് റിപ്പോർട്ട് തയാറാക്കി വരികയാണെന്നും, തുടർനടപടികള്‍ക്കായി പ്രതിയെയും പിടിച്ചെടുത്ത മയക്കുമരുന്നും മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡിന് കൈമാറിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
