അതിവേഗക്കുതിപ്പിന് ലക്ഷ്യമിട്ടു കൊണ്ട് ദുബായ് പൊതുഗതാഗതവും ‘എക്സ്ട്രാ സ്മാർട്’


ദുബായ്: ദുബായിലെ പൊതുഗതാഗത ബസ് സർവീസുകളുടെ പ്രവർത്തനം കൂടുതൽ സുഗമമാക്കുന്നതിനായി നിർമിതബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള പുതിയ സ്മാർട് സംവിധാനം റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പുറത്തിറക്കി. 

വിവിധ സാഹചര്യങ്ങളിലായി 1100 ലേറെ ബസുകളുടെ സർവീസുകൾ നിയന്ത്രിക്കാനും ഇരുപത്തിയാറോളം വ്യത്യസ്‌ത പ്രവർത്തന സാഹചര്യങ്ങളെ തത്സമയം കൈകാര്യം ചെയ്യാനും ഈ സംവിധാനത്തിലൂടെ സാധിക്കും.

ദുബായ് മെട്രോ, ദുബായ് ട്രാം തുടങ്ങിയ മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾക്കും തിരക്കുകൾക്കും അനുസരിച്ച് ബസ് സർവീസുകൾ പെട്ടെന്ന് പുനഃക്രമീകരിക്കാനും യാത്രക്കാർക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാനും ഇതിലൂടെ കഴിയും.

അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമാക്കുക എന്ന ആർടിഎയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണിത്.

 നഗരത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് അനുസൃതമായി സ്മാർട് സിറ്റി എന്ന ദുബായുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതാണ് പദ്ധതി.

മുൻപ് അടിയന്തര സാഹചര്യങ്ങളിൽ ഉചിതമായ തീരുമാനമെടുക്കാനും ബസുകൾ അധികമായി സർവീസിന് അയക്കാനും 30 മുതൽ 60 മിനിറ്റ് വരെ സമയം വേണ്ടി വന്നിരുന്ന സ്ഥാനത്ത് പുതിയ സാങ്കേതികവിദ്യ വഴി ഒരു മിനിറ്റിൽ താഴെ സമയം കൊണ്ട് തീരുമാനങ്ങൾ എടുക്കാൻ സാധിക്കുമെന്ന് ആർടിഎ പൊതുഗതാഗത ഏജൻസിയിലെ ബസ് വിഭാഗം ഡയറക്‌ടർ മർവാൻ അൽ സറൂനി പറഞ്ഞു.

ആർടിഎയുടെ ബസ് ഓപറേഷൻസ് കൺട്രോൾ സെന്ററും കോർപറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസ് സെക്ട‌റിന് കീഴിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്ററും സംയുക്തമായാണ് ഈ 'ഡിസിഷൻ സപ്പോർട്ട് സിസ്റ്റം' വികസിപ്പിച്ചെടുത്തത്. 

തത്സമയ വിവരങ്ങളും മെഷീൻ ലേണിങ് സാങ്കേതികവിദ്യയും ഉപയോഗിച്ച് ആവശ്യാനുസരണം ഏറ്റവും അനുയോജ്യമായ ബസുകൾ തിരഞ്ഞെടുക്കാനും ഗതാഗത ശൃംഖലയുടെ വിശ്വാസ്യത വർധിപ്പിക്കാനും ഈ സ്മാർട് സംവിധാനത്തിലൂടെ സാധ്യമാകും.

വളരെ പുതിയ വളരെ പഴയ