ഗെയിമിംഗ് രംഗത്ത് വികസന കുതിപ്പിനൊരുങ്ങി 'ദുബായ് ഗെയിമിങ് റിട്രീറ്റ്' - സംഗമത്തിൽ പങ്കെടുത്ത് ഷെയ്ഖ് ഹംദാൻ.


ദുബായ്: ദുബായ് ആഗോള ഗെയിമിങ് മേഖലയിൽ ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ-സർഗാത്മക കേന്ദ്രമായി ദുബായെ മാറ്റുന്നതിനുള്ള ഭാവി പദ്ധതികൾക്ക് തുടക്കം കുറിച്ചു.

ദുബായ് മീഡിയ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "ദുബായ് ഗെയിമിങ് റിട്രീറ്റ്' സംഗമത്തിൽ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക‌ം പങ്കെടുത്തു. പ്രമുഖ പ്രാദേശിക-ആഗോള ഗെയിമിങ് കമ്പനികളിലെ എൺപതോളം പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ഗെയിമിങ് രംഗത്തെ അടുത്ത ഘട്ട വികസനത്തിനായി സർക്കാർ സംവിധാനങ്ങളും ഈ മേഖലയിലെ പ്രമുഖരും തമ്മിലുള്ള സഹകരണം ശക്തമാക്കുക, മുൻഗണനാ വിഷയങ്ങൾ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംഗമം സംഘടിപ്പിച്ചത്.

 ഭാവി മുൻകൂട്ടി കാണാനും ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കാനുമുള്ള കഴിവാണ് ദുബായുടെ വിജയത്തിന് പിന്നിലെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.

 യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികളുടെ അടിസ്‌ഥാനത്തിൽ, ഭാവി വ്യവസായങ്ങൾക്ക് വളരാനും പ്രതിഭകൾക്ക് മികവ് തെളിയിക്കാനുമുള്ള അന്തരീക്ഷമാണ് ദുബായിൽ ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗെയിമിങ് മേഖലയുടെ ഭാവി പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയാണ് കെട്ടിപ്പടുക്കേണ്ടത്. ലോകത്തിലെ മുൻനിര കമ്പനികളെ ആകർഷിക്കുക മാത്രമല്ല, അടുത്ത തലമുറയിലെ ആഗോള ഗെയിമിങ് കമ്പനികൾ ദുബായിൽ നിന്ന് ഉയർന്നു വരുന്ന സാഹചര്യം സൃഷ്ട‌ിക്കുക കൂടിയാണ് ലക്ഷ്യം.

 ഗെയിമിങ് മേഖലയുടെ വികാസത്തിലൂടെ ദുബായുടെ സാമ്പത്തിക അജണ്ടയായ ഡി33 ലക്ഷ്യങ്ങൾ കൈവരിക്കാനും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും ക്രിയേറ്റീവ് ഇക്കോണമിയുടെയും ആഗോള കേന്ദ്രമായി ദുബായെ മാറ്റാനും സാധിക്കും. 

ഗെയിമിങ് മേഖലയുടെ സുസ്ഥ‌ിരമായ വളർച്ചയ്ക്ക് ആവശ്യമായ അഞ്ച് തന്തപധാനമായ കാര്യങ്ങളിലാണ് സംഗമത്തിൽ പ്രധാനമായും ചർച്ച നടന്നത്.

 


പ്രതിഭകളെ കണ്ടെത്തുക, നിയന്ത്രണങ്ങളും ഭരണസംവിധാനങ്ങളും കാര്യക്ഷമമാക്കുക, സാമ്പത്തിക സഹായം ഉറപ്പാക്കുക, വിപണനം, അടിസ്‌ഥാന സൗകര്യ വികസനം എന്നിവയാണവ.

ദുബായ് രണ്ടാം ഉപ ഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഷെയ്ഖ് ഹംദാനൊപ്പമുണ്ടായിരുന്നു.

ദുബായ് മീഡിയ കൗൺസിൽ വൈസ് ചെയർപഴ്സനും മാനേജിങ് ഡയറക്‌ടറുമായ മോന ഘാനം അൽ മർറി, സെക്രട്ടറി ജനറൽ നെഹാൽ ബദ്രി, ദുബായ് ഗെയിമിങ് കമ്മിറ്റി ചെയർമാൻ ഖൽഫാൻ ബെൽഹൂൽ ഉൾപ്പെടെയുള്ള പ്രമുഖരും വിവിധ കമ്പനികളുടെ പ്രതിനിധികളും നിക്ഷേപകരും ചടങ്ങിൽ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ