ദുബായില്‍ സ്വര്‍ണവില വീണ്ടും കുതിപ്പിലേക്ക്: വിപണിയില്‍ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകളിലേക്ക്


ദുബായ്: ദുബായില്‍ സ്വർണ്ണവില വീണ്ടും ഉയർന്നു. തിങ്കളാഴ്ച ഗ്രാമിന് അഞ്ച് ദിർഹം വരെ വർധനവാണ് രേഖപ്പെടുത്തിയത്.

വിപണിയില്‍ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകളിലേക്ക് സ്വർണവില വീണ്ടും അടുത്തു കൊണ്ടിരിക്കുകയാണ്.

തിങ്കളാഴ്ച രാവിലെ 24 കാരറ്റ് സ്വർണം ഗ്രാമിന് 493.50 ദിർഹം ആയി ഉയർന്നു. ഞായറാഴ്ച ഇത് 488.50 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണത്തിന് 457 ദിർഹമായിട്ടാണ് വർധിച്ചത്.

 ഞായറാഴ്ച 452.25 ദിർഹം ആയിരുന്നു. കഴിഞ്ഞ ആഴ്ച സ്വർണവില 500 ദിർഹം കടന്നിരുന്നെങ്കിലും നിലവിലെ നിരക്ക് ജൂലൈ മാസത്തിലെ സർവ്വകാല റെക്കോർഡില്‍ നിന്നും നേരിയ തോതില്‍ താഴെയാണ്.

സ്വർണവിലയിലെ കയറ്റിറക്കങ്ങള്‍

ജൂലൈ ആദ്യ ആഴ്ചയില്‍ 24 കാരറ്റ് സ്വർണം ഗ്രാമിന് 503 ദിർഹം വരെ ഉയർന്നിരുന്നു. പിന്നീട് ഇത് 481.50 ദിർഹത്തിലേക്ക് താഴ്ന്നു. എന്നാല്‍ വീണ്ടും ശക്തമായി തിരിച്ചെത്തിയ വിപണി മുന്നേറുകയാണ്.

 നിലവിലെ വില അനുസരിച്ച്‌ 24 കാരറ്റ് സ്വർണം ജൂലൈയിലെ ഏറ്റവും ഉയർന്ന വിലയേക്കാള്‍ 9.50 ദിർഹം താഴെയും കുറഞ്ഞ വിലയേക്കാള്‍ 12 ദിർഹം മുകളിലുമാണ്. 22 കാരറ്റ് സ്വർണം ഉയർന്ന നിരക്കില്‍ നിന്നും ഒമ്പത് ദിർഹം താഴെയും കുറഞ്ഞ നിരക്കില്‍ നിന്നും 11 ദിർഹം മുകളിലുമാണ് വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയും ആഗോള രാഷ്ട്രീയ മാറ്റങ്ങളും

അന്താരാഷ്ട്ര വിപണിയില്‍ സ്വർണവില ഔണ്‍സിന് 1.6 ശതമാനം വർധിച്ച്‌ 4,100 ഡോളറിന് മുകളിലേക്ക് ഉയർന്നതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. യുഎസും ഇറാനും തമ്മിലുള്ള സംഘർഷങ്ങളില്‍ താല്‍ക്കാലിക ശാന്തത വന്നതാണ് ക്രൂഡ് ഓയില്‍ വില കുറയാനും സാമ്പത്തിക രംഗത്തെ ആശങ്കകള്‍ കുറയാനും കാരണമായത്. 

യുഎസ് വ്യോമാക്രമണങ്ങള്‍ താല്‍ക്കാലികമായി നിർത്തി വെച്ചതും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതവുമായി ബന്ധപ്പെട്ട് ഇറാൻ ഒമാനുമായി ചർച്ചകള്‍ ആരംഭിച്ചതും ആഗോള വിപണിക്ക് ആശ്വാസമായി. ഇതോടെ ബ്രെന്‍റ് ക്രൂഡ് ഓയില്‍ വില ബാരലിന് 90 ഡോളറിന് താഴേക്ക് എത്തിയെങ്കിലും സ്വർണ്ണം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ കരുത്ത് നേടി.

അതേസമയം സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവ് ഉണ്ടായി. ഞായറാഴ്ചയായ ഇന്നലെ വില മാറ്റമില്ലാതെ തുടർന്നതിന് ശേഷം ഗ്രാമിന് 85 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 680 രൂപയാണ് വർധിച്ചിരിക്കുന്നത്.

 ഇതോടെ കേരളത്തില്‍ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,370 രൂപയും ഒരു പവൻ സ്വർണത്തിന് 1,06,960 രൂപയുമായി വില.

 അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്. നിലവില്‍ 22 കാരറ്റ് വെള്ളി ഗ്രാമിന് 240 രൂപയിലും 10 ഗ്രാമിന് 2,400 രൂപയിലും ആണ് വ്യാപാരം നടക്കുന്നത്.

വളരെ പുതിയ വളരെ പഴയ