ഷാർജ: യുഎഇയിലെ ചുട്ടുപൊള്ളുന്ന കനത്ത ചൂടിൽ ഒരു വയസ്സ് തികയാത്ത കൈക്കുഞ്ഞുമായി ഒരു മലയാളി യുവതി തെരുവാധാരമായി. ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് ലഹരിമരുന്ന് കേസിൽപ്പെട്ട് കസ്റ്റഡിയിലായതോടെയാണ് 22 വയസ്സുകാരിയായ ഈ അമ്മയും കുഞ്ഞും പൂർണമായും ഒറ്റപ്പെട്ടത്.
താമസിച്ചിരുന്ന ബെഡ് സ്പേസിന്റെ വാടക നൽകാൻ വഴിയില്ലാതെ വന്നതോടെ ഷാർജയിലെ പാർക്കിലെ ബെഞ്ചിലാണ് ഇന്നലെ പകലും രാത്രിയും യുവതി കുഞ്ഞുമായി കഴിഞ്ഞത്. തൊട്ടടുത്തുള്ള പള്ളിയിൽ നിന്ന് ശേഖരിക്കുന്ന കുടിവെള്ളമാണ് കുഞ്ഞിന്റെ ഏക ആശ്വാസം. കയ്യിലുണ്ടായിരുന്ന ചെറിയ തുക കൊണ്ട് കുഞ്ഞിന് പാലും ആഹാരവും വാങ്ങി നൽകിയതോടെ കഴിഞ്ഞ രണ്ടുദിവസമായി ഈ യുവതി പൂർണമായി പട്ടിണിയിലാണ്.
കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം. റാസൽഖൈമയിൽ ജോലി ചെയ്തിരുന്ന സുഹൃത്ത് ജോലി ഉപേക്ഷിച്ച് ഷാർജയിലെത്തി യുവതിക്കൊപ്പം താമസിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ലണ്ടനിൽ നിന്ന് ഇയാളുടെ പേരിൽ വന്ന ഒരു പാർസൽ കുറിയർ കമ്പനിയിൽ നിന്ന് സ്വീകരിക്കുന്നത്. സ്പ്രേയർ രൂപത്തിലുള്ള വസ്തുവായിരുന്നു അതിൽ. അന്നേദിവസം വൈകിട്ടോടെ സ്ഥലത്തെത്തിയ ഷാർജ സിഐഡി ഉദ്യോഗസ്ഥർ സ്പ്രേയർ പിടിച്ചെടുക്കുകയും യുവാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. നിരോധിത ലഹരിമരുന്നായിരുന്നു അതിൽ ഉണ്ടായിരുന്നത്.
യുവാവ് ജയിലിലായിട്ട് 75 ദിവസത്തോളമാകുന്നു. കുഞ്ഞ് പിറന്നതോടെ നാട്ടിൽ ഇവരുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും ലഹരി കേസിൽ യുവാവ് പിടിയിലായതോടെ ഇരു കുടുംബങ്ങളും ഇവരെ കൈയൊഴിഞ്ഞു. ഇതോടെയാണ് യുവതി പൂർണമായും അനാഥയായത്.
ആരുമില്ലാത്ത മരുഭൂമിയിൽ തന്നെയും കൈക്കുഞ്ഞിനെയും സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയും കോൺസുലേറ്റും സന്നദ്ധ സംഘടനകളും അടിയന്തരമായി ഇടപെടണമെന്ന അഭ്യർഥനയിലാണ് ഈ അമ്മ.
