ഇത്തിഹാദ് റെയിൽ: ദുബായ്, ഷാർജ ഉൾപ്പെടെയുള്ള പുതിയ സ്റ്റേഷനുകൾ ഉടൻ തുറക്കും; താൽക്കാലിക നിരക്കിളവ് പ്രഖ്യാപിച്ചു

 


യുഎഇയിലെ വിവിധ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ ശൃംഖലയുടെ പുതിയ സ്റ്റേഷനുകൾ തുറക്കുന്നു. സെപ്റ്റംബർ 30-ന് ദുബായ്, അൽ ദൈദ് സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാകുന്നതോടെ അബുദാബി, ദുബായ്, ഷാർജ മേഖലകൾ തമ്മിലുള്ള യാത്രാ സൗകര്യം കൂടുതൽ വേഗത്തിലാകും.

തുടർന്ന് ഘട്ടംഘട്ടമായി നവംബർ 30-ന് അൽ ദഫ്ര മേഖലയിലെ മദീനത് സായിദ്, ലിവ സ്റ്റേഷനുകളും, ഡിസംബർ 30-ന് അൽ സില, അൽ ദന്ന, അൽ മിർഫ സ്റ്റേഷനുകളും തുറന്നുപ്രവർത്തിക്കും. 2027 മാർച്ച് 30-ന് ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ കൂടി തുറക്കുന്നതോടെ യാത്രാ ശൃംഖലയുടെ ആദ്യഘട്ടം പൂർത്തിയാകും.

നിലവിൽ സർവീസ് നടത്തുന്ന അബുദാബി–ഫുജൈറ സെക്ടറിൽ ടിക്കറ്റുകൾക്ക് 50 ശതമാനം ഇളവാണ് ഉദ്ഘാടന ഓഫറായി നൽകുന്നത്. ഈ റൂട്ടിൽ കംഫർട്ട് ക്ലാസിന് 55 ദിർഹമും പ്രീമിയം ക്ലാസിന് 120 ദിർഹമുമാണ് നിരക്ക്. പുതിയ റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകൾ പിന്നീട് പ്രഖ്യാപിക്കും. 900 കിലോമീറ്റർ ദൈർഘ്യമുള്ള ഇത്തിഹാദ് റെയിൽ പൂർണ്ണമായി സജ്ജമാകുന്നതോടെ യുഎഇയിലെ 11 പ്രധാന നഗരങ്ങളെയും മേഖലകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ യാത്രാ റെയിൽ ശൃംഖലയായി ഇത് മാറും.



വളരെ പുതിയ വളരെ പഴയ