അജ്മാൻ∙ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ശിക്ഷ അനുഭവിച്ചിരുന്ന തടവുകാരുടെ മോചനത്തിനായി ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ (ഐസിഒ) അജ്മാൻ പൊലീസിന് രണ്ട് കോടിയിലേറെ രൂപ (7,92,500 ദിർഹം)യുടെ സാമ്പത്തിക സഹായം കൈമാറി.
ശിക്ഷാ-പുനരധിവാസ കേന്ദ്രത്തിൽ കഴിയുന്ന തടവുകാർക്ക് സാമ്പത്തിക പ്രതിസന്ധികൾ മറികടന്ന് പുതിയ ജീവിതം ആരംഭിക്കാൻ അവസരമൊരുക്കുന്നതിനാണ് ഈ തുക നൽകിയത്.
സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തടവുകാരെ വീണ്ടും സമൂഹത്തിന്റെ പ്രധാന ധാരയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
ഐസിഒ നൽകുന്ന തുടർച്ചയായ മാനുഷിക പിന്തുണയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അജ്മാൻ ശിക്ഷാ-പുനരധിവാസ കേന്ദ്രം ഡയറക്ടർ കേണൽ മുഹമ്മദ് മുബാറക് അൽ ഗഫ്‌ലി നന്ദി അറിയിച്ചു.
തടവുകാരുടെ മോചനം കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുമെന്നും അവരുടെ പുനരധിവാസത്തിനും പുനഃസമാഗമത്തിനും ഇത് വലിയ കരുത്താകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ധനസഹായം നൽകുന്നത് മാത്രമല്ല, പ്രയാസകരമായ സമയങ്ങളിൽ മനുഷ്യരെയും അവരുടെ കുടുംബങ്ങളെയും സഹായിച്ച് പ്രതിസന്ധികൾ മറികടക്കാൻ പ്രാപ്തരാക്കുന്നതാണ് ജീവകാരുണ്യ പ്രവർത്തനമെന്ന് ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഡോ. ഖാലിദ് അൽ ഖാജ പറഞ്ഞു.
യുഎഇ ഭരണകൂടത്തിന്റെ ദീർഘ വീക്ഷണത്തിൽ ഊന്നിയാണ് ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതെന്നും സഹായം സ്വീകരിക്കുന്നവരുടെ ആത്മാഭിമാനവും സ്വകാര്യതയും പൂർണമായി സംരക്ഷിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
