സ്ത്രീകൾക്ക് എഐ സഹായവുമായി ദുബായ്: സേവന വേഗവും രഹസ്യാത്മകതയും, ‘സ്മാർട് ലക്ഷ്യ’ത്തിന് കയ്യടി നേടി പോലീസ്


ദുബായ്: സ്ത്രീകൾ നൽകുന്ന പരാതികളിലും വിവര ശേഖരണങ്ങളിലും ദുബായ് പൊലീസിന്റെ പ്രതികരണ നിരക്കിൽ 200 ശതമാനം വർധന. നിർമിത ബുദ്ധി (എഐ), ശബ്ദരേഖാ സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുത്തി പരാതി നൽകാനുള്ള പ്ലാറ്റ്‌ഫോം നവീകരിച്ചതാണ് സേവനങ്ങളുടെ വേഗവും രഹസ്യാത്മകതയും വർധിപ്പിക്കാൻ സഹായിച്ചതെന്ന് ദുബായ് പൊലീസ് വ്യക്തമാക്കിയതായി അൽ ബയാൻ അറബിക് പത്രം റിപ്പോർട്ട് ചെയ്തു.

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായുള്ള പ്ലാറ്റ്‌ഫോമിൽ എഐ അടിസ്ഥാനമാക്കിയുള്ള ‘ഇൻസ്റ്റന്റ് അസിസ്റ്റന്റ്’ ഉൾപ്പെടുത്തിയതോടെ അടിയന്തര സാഹചര്യങ്ങളിൽ ഇരകളിലേക്ക് അതിവേഗം എത്താൻ പൊലീസിന് സാധിക്കുന്നുണ്ടെന്ന് ദുബായ് പൊലീസ് ഹ്യൂമൻ റൈറ്റ്സ് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രി. അബ്ദുൽ റഹ്മാൻ ഖലീഫ അൽ ഷാഇർ അൽ മൻസൂരി പറഞ്ഞു.

 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സംഘമാണ് അടിയന്തര കേസുകളിൽ ഉടൻ ഇടപെടുന്നത്. അടിയന്തര സ്വഭാവമില്ലാത്ത പരാതികൾ രണ്ടു പ്രവൃത്തി ദിവസത്തിനുള്ളിൽ തീർപ്പാക്കാറുണ്ട്.

 കഴിഞ്ഞ വർഷം സ്ത്രീകൾ നൽകിയ പരാതികളിൽ 95 ശതമാനവും ദുബായ് പൊലീസ് സ്മാർട്ട് ആപ്പ്, വിമൻസ് പ്രൊട്ടക്ഷൻ പ്ലാറ്റ്‌ഫോം എന്നിവ വഴിയാണ് ലഭിച്ചത്. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പരാതികളിൽ 60 ശതമാനവും ഫോൺ കോളുകൾ വഴിയാണ് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരാതിക്കാരുടെ വ്യക്തി വിവരങ്ങളും സ്വകാര്യതയും പൂർണമായും എൻക്രിപ്റ്റ് ചെയ്ത് സംരക്ഷിക്കുന്ന അത്യാധുനിക സംവിധാനമാണ് പൊലീസ് ഉപയോഗിക്കുന്നത്. 

കൂടാതെ, തൊഴിലാളികളുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള ‘വർക്കേഴ്സ് വോയ്സ്’ പദ്ധതി, മനുഷ്യക്കടത്തിന് ഇരയായവർക്കുള്ള സാമ്പത്തിക, നിയമ, മാനസിക പിന്തുണകൾ തുടങ്ങിയ മാനുഷിക സേവനങ്ങളും ദുബായ് ഫൗണ്ടേഷൻ ഫോർ വുമൺ ആൻഡ് ചിൽഡ്രനുമായി സഹകരിച്ച് ദുബായ് പൊലീസ് നൽകി വരുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ