മസ്‌കത്ത്: ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ കാറ്റ്, പൊടിക്കാറ്റ്, മണല്‍ക്കാറ്റ്, ദൃശ്യപരത കുറയല്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച വരെ ഈ കാലാവസ്ഥാ സാഹചര്യം തുടരും.
രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിലും, പ്രത്യേകിച്ച് മരുഭൂമി പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും, ഉപരിതല കാറ്റിന്റെ ശക്തി വര്‍ധിക്കും. ഇതോടെ പൊടിയും മണലും ഉയര്‍ന്ന് ദൃശ്യപരത ഗണ്യമായി കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഈ സാഹചര്യം റോഡ് ഗതാഗതത്തെ ബാധിച്ചേക്കാമെന്നും, വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.
പൊടിക്കാറ്റ് അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ വേഗത നിയന്ത്രിക്കുകയും മതിയായ സുരക്ഷാ അകലം പാലിക്കുകയും വേണമെന്നും അധികൃതര്‍ അറിയിച്ചു.
