എയർ ടാക്സി യുഗവുമായി യു എ ഇ; പുതിയ വിപ്ലവത്തിന് തിരിതെളിച്ച് ടിഡിആർഎ


അബുദാബി: എയർ ടാക്സികൾ, ഡെലിവറി ഡ്രോണുകൾ, പുതിയ തലമുറയിലെ ഇലക്ട്രിക് വിമാനങ്ങൾ എന്നിവയുടെ സുരക്ഷിതമായ പ്രവർത്തനത്തിന് ആവശ്യമായ റേഡിയോ ഫ്രീക്വൻസികൾ ഉറപ്പാക്കുന്നതിനായി യുഎഇ സ്പെക്ട്രം നിയമാവലികൾ പരിഷ്കരിച്ചു.

ടെലി കമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയാണ് (ടിഡിആർഎ) പുതുക്കിയ നിയമാവലി അംഗീകരിച്ചത്. രാജ്യത്തിന്റെ അഡ്വാൻസ്ഡ് എയർ മൊബിലിറ്റി (എഎഎം) മേഖലയ്ക്ക് വൻ കുതിപ്പേകുന്നതാണ് ഈ നടപടി.

യാത്രക്കാരെയും ചരക്കുകളെയും നഗരങ്ങൾക്കുള്ളിലും പ്രാദേശികമായും എത്തിക്കുന്നതിന് പുതിയ സാങ്കേതികവിദ്യയിലുള്ള വിമാനങ്ങളും ഡ്രോണുകളും ഉപയോഗിക്കുന്ന സംവിധാനമാണ് അഡ്വാൻസ്ഡ് എയർ മൊബിലിറ്റി. 

പൈലറ്റുള്ളതും റിമോട്ട് പൈലറ്റ് വഴി പ്രവർത്തിക്കുന്നതും തനിയെ പറക്കുന്നതുമായ ലംബമായി ടേക്ക് ഓഫ് ചെയ്യാൻ സാധിക്കുന്ന വിമാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇവയുടെ തടസ്സമില്ലാത്തതും സുരക്ഷിതവുമായ പ്രവർത്തനത്തിന് റേഡിയോ ഫ്രീക്വൻസികളുടെ കൃത്യമായ മാനേജ്മെന്റ് അത്യാവശ്യമാണ്.

പുതുക്കിയ നിയമാവലിയിലൂടെ വിമാനങ്ങളും എയർപോർട്ടുകളും തമ്മിലുള്ള ആശയവിനിമയം മാത്രമല്ല, നാവിഗേഷൻ, എയർ ട്രാഫിക് കൺട്രോൾ, ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനുമായുള്ള ബന്ധം, കൂട്ടിയിടികൾ ഒഴിവാക്കാനുള്ള സംവിധാനങ്ങൾ, കാലാവസ്ഥഥാ റഡാർ വിവരങ്ങൾ എന്നിവയും സുഗമമാകും.

 കൂടാതെ എയർ ടാക്സികൾക്ക് രാജ്യത്തെ അംഗീകൃത ടെലികോം ഓപ്പറേറ്റർമാരുടെ മൊബൈൽ നെറ്റ്‌വർക്കുകൾ ഉപയോഗിക്കാനും അനുമതിയുണ്ടാകും. സാങ്കേതിക നവീകരണത്തിൽ രാജ്യത്തിന്റെ ആഗോള സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ ഈ പുതിയ തീരുമാനം വഴി സാധിക്കും.

വളരെ പുതിയ വളരെ പഴയ