ഷാർജ: ലൈസൻസില്ലാതെഅനധികൃതമായി പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ നാടുകടത്താൻ ഉത്തരവ്. യുഎഇ അധികൃതരുടെ മുൻകൂർ അനുമതിയോ ആവശ്യമായ ലൈസൻസോ ഇല്ലാതെ അനധികൃതമായി വിദേശത്തേക്ക് പണമിടപാടുകള്‍ നടത്തിയ ഏഷ്യൻ വംശജനെയാണ് നാടുകടത്താൻ ഷാർജ മിസ്ഡെമീനർ കോടതി ഉത്തരവിട്ടത്.
ഒരു വർഷത്തെ തടവു ശിക്ഷയ്ക്ക് പകരമായാണ് പ്രതിയെ രാജ്യത്തു നിന്ന് നാടുകടത്താൻ കോടതി വിധിച്ചത്.
ആവശ്യമായ നിയമപരമായ അനുമതികളൊന്നുമില്ലാതെ വിദേശത്തേക്ക് പണം അയക്കാൻ ആഗ്രഹിക്കുന്ന താമസക്കാരില്‍ നിന്ന് പ്രതി നേരിട്ട് പണം കൈപ്പറ്റുകയായിരുന്നുവെന്ന് കേസ് രേഖകള്‍ വ്യക്തമാക്കുന്നു.
രഹസ്യ നിരീക്ഷണത്തിലൂടെയും തുടർ അന്വേഷണങ്ങളിലൂടെയുമാണ് അധികൃതർ ഇയാളുടെ നിയമ വിരുദ്ധ പ്രവർത്തനം കണ്ടെത്തിയത്. ഉപഭോക്താക്കളില്‍ നിന്ന് പണം ശേഖരിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഫോണ്‍ സന്ദേശങ്ങള്‍ വഴി യുഎഇക്ക് പുറത്തുള്ള ഏജന്റുമാരുമായി ബന്ധപ്പെട്ടാണ് ഇയാള്‍ നിയമ വിരുദ്ധമായി പണം അയച്ചിരുന്നത്. കോടതി നടപടികള്‍ക്കിടെ നിയമപരമായ അനുമതിയില്ലാതെ വിദേശത്തേക്ക് പണം ട്രാൻസ്ഫർ ചെയ്തതായി പ്രതി സമ്മതിച്ചു.
തുടർന്ന്, തടവുശിക്ഷയ്ക്ക് പകരം ഇയാളെ രാജ്യത്തു നിന്ന് നാടുകടത്താൻ കോടതി ഉത്തരവിടുകയായിരുന്നു. ഇതോടൊപ്പം, പണമിടപാടിനായി ഉപയോഗിച്ച മുഴുവൻ പണവും ഉപകരണങ്ങളും കണ്ടുകെട്ടാനും കേസിന്റെ നിയമപരമായ ചെലവുകള്‍ പ്രതി വഹിക്കാനും കോടതി വിധിച്ചു.
നിയമപരമായ സാമ്പത്തിക സ്ഥാപനങ്ങള്‍ വഴിയോ അംഗീകൃത എക്സ്ചേഞ്ചുകള്‍ വഴിയോ അല്ലാതെ നടത്തുന്ന ഇത്തരം ഇടപാടുകള്‍ ഗുരുതരമായ കുറ്റകൃത്യമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
