ഇറ്റലിയില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര: രേഖകള്‍ അംഗീകരിച്ച വിമാനക്കമ്പനി മടക്ക യാത്രയിൽ 10 മാസം പ്രായമുള്ള കുഞ്ഞിന് ദോഹയിലെത്തിയപ്പോള്‍ കണക്റ്റിങ് വിമാനത്തില്‍ യാത്രാനുമതി നല്‍കിയില്ല; ഖത്തര്‍ എയര്‍വേയ്സിന് 10 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍


ദോഹ: ബോര്‍ഡിങ് പാസ് നല്‍കിയ ശേഷം കൈ കുഞ്ഞിനടക്കം യാത്ര നിഷേധിച്ച സംഭവത്തില്‍ പ്രമുഖ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്സിന് 10 ലക്ഷം രൂപ പിഴ.

സേവനത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിനും അനുചിതമായ വ്യാപാര രീതികള്‍ പിന്തുടര്‍ന്നതിനുമാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ നടപടി. നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപയ്ക്കു പുറമെ കോടതിച്ചെലവിലേക്കായി 25,000 രൂപയും കമ്പനി പരാതിക്കാര്‍ക്ക് നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു.

ഇറ്റലിയില്‍ ജോലി ചെയ്യുന്ന മലയാളിയായ റോഷന്‍ ജോസും കുടുംബവുമാണ് ഖത്തര്‍ എയര്‍വേയ്സിന്റെ അനാസ്ഥയ്ക്കെതിരെ നിയമ പോരാട്ടത്തിന് ഇറങ്ങിയത്. 

2018 നവംബറിലാണ് റോഷനും ഭാര്യ വിനയയും ആറു വയസ്സുകാരനായ മൂത്ത മകനും 10 മാസം മാത്രം പ്രായമുള്ള ഇളയ കുഞ്ഞും അടങ്ങുന്ന കുടുംബം വെനീസില്‍ നിന്ന് കൊച്ചിയിലെത്തിയത്. യാത്രാ രേഖകളെല്ലാം കൃത്യമായി പരിശോധിച്ച ശേഷമാണ് വിമാനക്കമ്പനി കുടുംബത്തിന് മടക്ക യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ നല്‍കിയത്.

എന്നാല്‍, 2018 ഡിസംബര്‍ മൂന്നിന് അവധി കഴിഞ്ഞ് മടങ്ങാനായി കൊച്ചി വിമാനത്താവളത്തിലെത്തിയ കുടുംബത്തിന് കടുത്ത ദുരനുഭവമാണ് നേരിടേണ്ടി വന്നത്.

 ചെക്ക്-ഇന്‍ കൗണ്ടറില്‍ രണ്ടര മണിക്കൂറോളം ഇവരെ വെറുതെ നിര്‍ത്തി. ഒടുവില്‍ വിമാനം പുറപ്പെടുന്നതിന് പത്തു മിനിറ്റ് മുമ്പ്, ആറു വയസ്സുകാരനായ മൂത്ത മകന് വേറെ വിസയില്ലെന്ന് ആരോപിച്ച്‌ ബോര്‍ഡിങ് പാസ് നിഷേധിക്കുകയായിരുന്നു.

മറ്റു വഴിയില്ലാതെ വന്നതോടെ മൂത്ത കുട്ടിയെ വിമാനത്താവളത്തിലെത്തിയ ബന്ധുക്കളെ ഏല്‍പ്പിച്ച്‌, ഇളയ കുഞ്ഞുമായി റോഷനും ഭാര്യയും ദോഹയിലേക്കുള്ള വിമാനത്തില്‍ കയറി. 

എന്നാല്‍, എറണാകുളത്തു നിന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കി ബോര്‍ഡിങ് പാസ് നല്‍കിയിരുന്ന 10 മാസം പ്രായമുള്ള കുഞ്ഞിന് ദോഹയിലെത്തിയപ്പോള്‍ കണക്റ്റിങ് വിമാനത്തില്‍ കയറാന്‍ ഖത്തര്‍ എയര്‍വേയ്സ് അനുമതി നല്‍കിയില്ല. മണിക്കൂറുകളോളം അധികൃതര്‍ ഇവരെ വഴിയില്‍ നിര്‍ത്തി വലച്ചു.

അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കേണ്ടതിനാല്‍ അമ്മ വിനയയ്ക്ക് കുഞ്ഞിനെ ഉപേക്ഷിച്ച്‌ തനിച്ചു വെനീസിലേക്ക് പോകേണ്ടി വന്നു. അച്ഛന്‍ റോഷന്‍ കുഞ്ഞുമായി തിരികെ കൊച്ചിയിലേക്ക് മടങ്ങി. 

തുടര്‍ന്ന് കുഞ്ഞിനെ നാട്ടിലെ ബന്ധുക്കളുടെ അടുക്കല്‍ നിര്‍ത്തി ആഴ്ചകള്‍ക്കു ശേഷമാണ് കടുത്ത സാമ്പത്തിക നഷ്ടവും സഹിച്ചുകൊണ്ട് അച്ഛന്‍ കുഞ്ഞിനെ ഇറ്റലിയിലേക്ക് കൊണ്ടുപോയത്.

കുട്ടികളുടെ യാത്രാ രേഖകളില്‍ വീഴ്ചയുണ്ടെന്ന വാദമാണ് വിമാനക്കമ്പനി ഉയര്‍ത്തിയത്. ഷെങ്കന്‍ നിയമപ്രകാരം പ്രായഭേദമന്യേ ഇറ്റലിയിലേക്ക് യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും സ്വന്തമായി യാത്രാരേഖകള്‍ വേണം. ആറുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വിസ ഫീസ് ഇല്ലെങ്കിലും വിസയോ റെസിഡന്‍സ് പെര്‍മിറ്റോ ജനന സര്‍ട്ടിഫിക്കറ്റോ കൈവശം ഉണ്ടാകേണ്ടതുണ്ട്.

എന്നാല്‍, ഇറ്റലിയില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്തപ്പോള്‍ ഇതേ രേഖകള്‍ അംഗീകരിച്ച വിമാനക്കമ്പനി മടക്ക യാത്രയില്‍ മാത്രം ഇത് തടസ്സമായി ഉന്നയിച്ചത് ന്യായീകരിക്കാനാകില്ലെന്ന് ഉപഭോക്തൃ കമ്മീഷന്‍ നിരീക്ഷിച്ചു.

 യാത്രാ രേഖകള്‍ അപൂര്‍ണ്ണമായിരുന്നുവെങ്കില്‍ ഇറ്റലിയില്‍ വെച്ചു തന്നെ വിമാനക്കമ്പനിക്ക് യാത്ര തടയാമായിരുന്നു.

രേഖകള്‍ പരിശോധിച്ചു ബോര്‍ഡിങ് പാസ് നല്‍കിയ ശേഷം, യാത്രാമധ്യേ മുലകുടി മാറാത്ത കുഞ്ഞിനെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തേണ്ടി വന്ന സംഭവം മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കമ്മീഷന്‍ പ്രസ്താവിച്ചു.

 വിമാനക്കമ്പനിയുടെ ഏകപക്ഷീയവും തന്നിഷ്ടപ്രകാരവുമുള്ള ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ജോലി നഷ്ടപ്പെടുമെന്ന ഭയത്താല്‍ കുഞ്ഞിനെ ഉപേക്ഷിച്ച്‌ അമ്മയ്ക്ക് തനിച്ചു യാത്ര ചെയ്യേണ്ടി വന്നതും, കുഞ്ഞുമായി അച്ഛന് തിരികെ വരേണ്ടി വന്നതും മാതാപിതാക്കള്‍ക്ക് ഉണ്ടാക്കിയ മാനസിക ആഘാതവും കഷ്ടപ്പാടുകളും വിവരണാതീതമാണെന്ന് ഡി.ബി. ബിനു പ്രസിഡന്റും വി. രാമചന്ദ്രന്‍, ശ്രീവിദ്യ ടി.എന്‍. എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

ഉത്തരവ് ലഭിച്ച്‌ 45 ദിവസത്തിനകം നഷ്ടപരിഹാര തുക നല്‍കണം. തുക നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പരാതി നല്‍കിയ തീയതി മുതല്‍ ഒമ്പത് ശതമാനം പലിശ സഹിതം തുക ഈടാക്കുമെന്നും കമ്മീഷന്‍ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ