യുകെയിൽ ആഴ്ചകള്‍ക്ക് മുമ്പ് പ്രസവിച്ച ഇന്ത്യൻ യുവതിയെ കുത്തിക്കൊന്നു, ഭര്‍ത്താവിനും പരിക്ക്: വംശീയ കൊലയെന്ന് ബന്ധുക്കള്‍


ലണ്ടൻ: യുകെയില്‍ ഇന്ത്യക്കാരിയായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. പഞ്ചാബ് സ്വദേശിനി കിരണ്‍ദീപ് കൗർ (24) ആണ് കൊല്ലപ്പെട്ടത്.

പടിഞ്ഞാറൻ ലണ്ടനിലെ ഹെയ്സിലുള്ള ഇവരുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന അക്രമിയാണ് കൊല നടത്തിയത്. കിരണ്‍ദീപിന്റെ ഭർത്താവിനും ആക്രമണത്തില്‍ പരിക്കേറ്റു. കുത്തേറ്റ നിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന ഡാനിയേല്‍ സീൻ ജെയിംസ് (44) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം വീടിന്റെ ജനാല വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിക്കും പരിക്കേറ്റു.

 കിടപ്പു മുറിയില്‍ ഉറങ്ങുകയായിരുന്ന കിരണ്‍ദീപിനെയാണ് അക്രമി കുത്തി കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കളുടെ മൊഴി. ആഴ്ചകള്‍ക്ക് മുമ്പായിരുന്നു കൊല്ലപ്പെട്ട യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കിയത്.

വംശീയ ആക്രമണമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അതേ സമയം, അന്വേഷണം പുരോഗമിക്കുകയാണെന്നും വംശീയ കൊലപാതകം എന്ന ആരോപണത്തിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണത്തില്‍ കിരണ്‍ദീപിന്റെ കുഞ്ഞിന് പരിക്കേറ്റിട്ടുണ്ടോയെന്നതിനെ കുറിച്ച്‌ വിവരമൊന്നും ലഭ്യമായിട്ടില്ല.

രണ്ടു വർഷം മുമ്പ് സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തിയ യുവതി വർക്ക് പെർമിറ്റ് ലഭിച്ചതിനെത്തുടർന്ന് അവിടെ ജോലി ചെയ്ത് വരികയായിരുന്നു. കിരണ്‍ദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സ‌ർക്കാരിനോട് മാതാപിതാക്കള്‍ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ