ദോഹ: ഖത്തറിന് നേരെ തുടർച്ചയായുണ്ടാകുന്ന വ്യോമാക്രമണങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച പുലർച്ചെയുണ്ടായ ഇറാന്റെ ആക്രമണത്തിന് പിന്നാലെ, പ്രതിരോധ സംവിധാനങ്ങൾ തകർത്ത വിമാനങ്ങളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ വീണ് കുട്ടിക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റ കുട്ടി നിലവിൽ അത്യാഹിത വിഭാഗത്തിൽ വിദഗ്ധ ചികിത്സയിലാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ആഭ്യന്തര സുരക്ഷാ സേനയും സിവിൽ ഡിഫൻസ് വിഭാഗവും സംയുക്‌തമായി ചേർന്ന് അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള പ്രത്യേക സുരക്ഷാ പദ്ധതികൾ രാജ്യത്തുടനീളം നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പൊതു സേവനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും പൊലീസ് സംഘം സ്ഥിതിഗതികൾ സസൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
വ്യാജ വാർത്തകൾക്കെതിരെ മുന്നറിയിപ്പ്
ആക്രമണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിലും ദൃശ്യങ്ങളിലും ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് ഭരണകൂടം അഭ്യർത്ഥിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വാർത്താ ചാനലുകൾ വഴി പുറത്തു വിടുന്ന വിവരങ്ങൾ മാത്രം ആശ്രയിക്കുക.
സ്ഥിരീകരിക്കാത്ത വിവരങ്ങളും ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
