കുവൈത്ത് സിറ്റി: പ്രായപൂർത്തിയാകാത്തവർക്ക് (21 വയസ്സിന് താഴെയുള്ളവർക്ക്) സിഗരറ്റ് വിറ്റ കടയും വിവിധ നിയമലംഘനങ്ങള്‍ നടത്തിയ ഒരു ആരോഗ്യ സ്ഥാപനവും കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി.
അല്‍ അഹ്മദി, മുബാറക് അല്‍ കബീർ ഗവർണറേറ്റുകളിലെ അടിയന്തര പരിശോധനാ സംഘങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജുവനൈല്‍ പ്രൊട്ടക്ഷൻ വിഭാഗവുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് 21 വയസ്സിന് താഴെയുള്ള ഉപഭോക്താവിന് സിഗരറ്റ് വില്‍ക്കുന്നതിനിടെ കടയുടമയെ കൈയോടെ പിടികൂടിയത്. തുടർന്ന് കട ഉടൻ അടച്ചു പൂട്ടുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
അതേസമയം, അല്‍ ജഹ്റ, ഫർവാനിയ ഗവർണറേറ്റുകളിലെ പരിശോധനാ സംഘങ്ങള്‍ നടത്തിയ മറ്റൊരു പരിശോധനയില്‍ മന്ത്രാലയ ഉത്തരവുകള്‍ ലംഘിക്കുകയും ചില സേവനങ്ങള്‍ക്ക് പണമായി ഇടപാടുകള്‍ നടത്തുകയും ചെയ്ത ഒരു ആരോഗ്യ സ്ഥാപനവും അടച്ചുപൂട്ടി. സ്ഥാപനത്തിനെതിരെ മറ്റ് നിയമ ലംഘനങ്ങളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ഉപഭോക്തൃ സംരക്ഷണവും വാണിജ്യ നിയമങ്ങളുടെ കർശന പാലനവും ഉറപ്പാക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന് പരിശോധനകള്‍ തുടരുമെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.
