ദോഹ: ഖത്തറിലെ സമുദ്രാതിർത്തിയിൽ ബോട്ടുകൾക്കും മറ്റ് സമുദ്രയാനങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി. രാജ്യത്തെ നാവിക ഗതാഗതം പൂർണ്ണമായും പുനരാരംഭിക്കാൻ അനുമതി നൽകിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ഈ തീരുമാനം ഇന്ന് (ജൂലൈ 26, ഞായറാഴ്ച) മുതൽ പ്രാബല്യത്തിൽ വരും.
ഇതോടെ ഖത്തറിന്റെ സമുദ്രാതിർത്തിക്കുള്ളിൽ എല്ലാവിധ ബോട്ടുകൾക്കും മറ്റ് സമുദ്രയാനങ്ങൾക്കും തടസ്സങ്ങളില്ലാതെ സർവീസ് നടത്താനാകും. അതേസമയം, യാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറ്റവും ഉയർന്ന പരിഗണന നൽകണമെന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
സമുദ്ര ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും യാത്രികരും ജീവനക്കാരും കർശനമായി പാലിക്കണം. യാത്ര തുടങ്ങുന്നതിന് മുൻപും യാത്രയിലുടനീളവും ആവശ്യമായ എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും മുൻകരുതലുകളും പൂർണ്ണമായും ഉറപ്പുവരുത്തണം.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിക്കൊണ്ടുള്ള ഈ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഗതാഗത മന്ത്രാലയം പ്രത്യേക വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
