ബ്രിട്ടന്റെ ആദ്യ എഐ മന്ത്രിയായി ഇന്ത്യൻ വംശജനായ കനിഷ്‌ക നാരായണ്‍; അഭിനന്ദനങ്ങളറിയിച്ച് ഗൂഗിള്‍ സിഇഒ


ലണ്ടൻ: ബ്രിട്ടന്റെ ആദ്യ എഐ മന്ത്രിയായി ഇന്ത്യൻ വംശജനായ കനിഷ്‌ക നാരായണ്‍. ബീഹാറിലെ മുസഫർപൂരില്‍ ജനിച്ച കനിഷ്‌ക നാരായണ്‍ 12-ാം വയസിലാണ് കുടുംബത്തോടൊപ്പം വെയില്‍സിലെ കാർഡിഫിലേക്ക് എത്തിയത്.

ഗൂഗിളിന്റെ എഐ വിഭാഗം മേധാവിയും നോബേല്‍ സമ്മാന ജേതാവുമായ ഡെമിസ് ഹസാബിസ്, നാരായണിന്റെ നിയമനത്തെ അഭിനന്ദിച്ച്‌ രംഗത്തെത്തി. 'ബ്രിട്ടന്റെ പുതിയ എഐ മന്ത്രിയായി ചുമതലയേറ്റ കനിഷ്‌ക നാരായണിന് അഭിനന്ദനങ്ങള്‍. ബ്രിട്ടന്റെ എഐ മേഖലയ്‌ക്ക് വലിയ വാർത്തയാണിത്'- ഹസാബിസ് എക്‌സില്‍ കുറിച്ചു. 

എഐ മന്ത്രിയായി ചുമതലയേറ്റ ശേഷം താൻ ആദ്യം വിളിച്ചത് ഹസാബിസിനെയാണെന്ന് നാരായണ്‍ പറഞ്ഞു. ബ്രിട്ടന്റെ നേട്ടങ്ങളെ തൊഴിലവസരങ്ങളാക്കി മാറ്റുന്നതിനെക്കുറിച്ചാണ് ഇരുവരും സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടണിലേക്ക് കുടിയേറിയ നാരായണിന്റെ മാതാപിതാക്കള്‍ കുറഞ്ഞ വേതനത്തിലുള്ള ജോലികളും രാത്രികാല ഷി‌ഫ്‌റ്റുകളും ചെയ്‌താണ് കുടുംബം പുലർത്തിയത്. ഈ അനുഭവങ്ങളും പൊതുസേവനം മെച്ചപ്പെടുത്തണമെന്ന ആഗ്രഹവുമാണ് നാരായണിനെ ലേബർ പാർട്ടിയിലേക്ക് എത്തിച്ചത്. 

കാർഡിഫിലെ സർക്കാർ സ്‌കൂളില്‍ നിന്ന് സ്‌കോളർഷിപ്പോടെ പാസായ നാരായണ്‍ ബ്രിട്ടനിലെ പ്രശസ്‌തമായ ഈറ്റണ്‍ കോളേജിലാണ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാലയില്‍ നിന്ന് എംബിഎയും കരസ്ഥമാക്കി.

2022ല്‍ വെയില്‍സിലെ വേല്‍ ഒഫ് ഗ്ലാമോർഗൻ മണ്ഡലത്തില്‍ ലേബർ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പരാജയപ്പെട്ടു. 

പിന്നീട് പാർട്ടിയില്‍ സജീവമായി തുടർന്ന നാരായണിനെ ലേബർ പാർട്ടി അധികാരത്തിലെത്തിയതിന് പിന്നാലെ ശാസ്‌ത്രം, നവീകരണം, സാങ്കേതികവിദ്യ വകുപ്പിലെ പാർലമെന്ററി അണ്ടർ സെക്രട്ടറി ഒഫ് സ്റ്റേറ്റായി നിയമിച്ചു. ഇതിനു പിന്നാലെയാണ് പുതുതായി സൃഷ്‌ടിച്ച എഐ മന്ത്രി സ്ഥാനം കൂടി നാരായണിന് നല്‍കിയത്.

വളരെ പുതിയ വളരെ പഴയ