പ്രവാസികളെ ലക്ഷ്യമിട്ട് പുതിയ കെണി, വഞ്ചിക്കപ്പെടാതിരിക്കാൻ കർശന മുന്നറിയിപ്പുമായി എംബസി: യുഎഇയിൽ വിസ, പാസ്പോർട്ട് സേവനങ്ങൾ ഇനി നേരിട്ട്


 ദുബായ്: യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വീസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി അപ്പോയിന്റ്മെന്റ് എടുത്തു നൽകാമെന്ന് അവകാശപ്പെട്ട് പൊതുജനങ്ങളെ പറ്റിക്കുന്ന വ്യാജ ഏജൻസികൾക്കും ഇടനിലക്കാർക്കുമെതിരെ കർശന മുന്നറിയിപ്പുമായി ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ.

എംബസിയുടെയോ കോൺസുലേറ്റിന്റെയോ പേരിൽ അപ്പോയിന്റ്മെന്റ് വാഗ്ദാനം ചെയ്ത് ചില വ്യക്തികളും ഏജൻസികളും നടത്തുന്ന പ്രചാരണങ്ങൾ പൂർണമായും വ്യാജവും അനധികൃതവുമാണെന്ന് അധികൃതർ വ്യക്തമാക്കി.

പാസ്പോർട്ട്, വീസ സംബന്ധമായ ആവശ്യങ്ങൾക്കായി ആളുകളെ തെറ്റായ വിവരങ്ങൾ നൽകി വഴിതെറ്റിക്കുകയോ, അപ്പോയിന്റ്മെന്റിന്റെ പേരിൽ അമിത തുക ഈടാക്കുകയോ ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾ ഉടനടി അബുദാബിയിലെ ഇന്ത്യൻ എംബസിയിലോ ദുബായിലെ കോൺസുലേറ്റിലോ ഔദ്യോഗിക ചാനലുകൾ വഴി വിവരം റിപോർട്ട് ചെയ്യണം.

 ഇത്തരം തട്ടിപ്പുകളിൽ വീഴാതെ പാസ്പോർട്ട്, വീസ ആവശ്യങ്ങൾക്കായി ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

വീസ, പാസ്പോർട്ട് സേവനങ്ങൾ ഇനി നേരിട്ട്; ഏജൻസി കരാറുകൾ അവസാനിപ്പിച്ചു കോൺസുലർ സേവനങ്ങൾ നൽകിവന്നിരുന്ന ബിഎൽഎസ് ഇന്റർനാഷനൽ, എസ്‌ജിവീഎസ് ഗ്ലോബൽ എന്നീ പുറംകരാർ ഏജൻസികളുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച പശ്ചാത്തലത്തിലാണ് ഈ പുതിയ ജാഗ്രതാ നിർദേശം.

 ജൂലൈ ഒന്നു മുതൽ ഈ സേവനങ്ങളെല്ലാം അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും സ്വന്തം കാര്യാലയങ്ങൾ വഴി നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്.

പാസ്പോർട്ട്, വീസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായുള്ള അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുന്നതിന് യാതൊരു വിധ ഫീസും ആർക്കും നൽകേണ്ടതില്ല. പൊതുജനങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് പോർട്ടൽ വഴി തികച്ചും സൗജന്യമായി നേരിട്ട് അപ്പോയിന്റ്മെന്റുകൾ സ്വന്തമാക്കാവുന്നതാണ്. 

ഇതിനായി മൂന്നാം കക്ഷികളെയോ മറ്റ് ഏജൻസികളെയോ ചുമതലപ്പെടുത്തിയിട്ടില്ലാത്തതിനാൽ ടിക്കറ്റ് ബുക്കിങ്ങിനായി ആർക്കും പണം നൽകരുതെന്നും എംബസി വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ