നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആശ്വാസവുമായി ദുബായ് കസ്റ്റംസ്; ബാഗേജ് പരിശോധന ഇനി വെറും 7 സെക്കൻഡിൽ!


ദുബായ്∙ ജൂലൈ ആദ്യ പകുതിയിൽ ദുബായ് വിമാനത്താവളങ്ങൾ വഴി 30 ലക്ഷത്തോളം യാത്രക്കാർ കടന്നുപോകുമെന്നു പ്രതീക്ഷിക്കുന്ന പശ്ചാത്തലത്തിൽ വേനൽക്കാല യാത്രാത്തിരക്ക് സുഗമമാക്കാൻ വിപുലമായ സജ്ജീകരണങ്ങളുമായി ദുബായ് കസ്റ്റംസ്.

വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും വേഗത്തിലും സുരക്ഷിതമായും യാത്രാനടപടികൾ പൂർത്തിയാക്കുന്നതിനുമായി സമഗ്രമായ പ്രവർത്തന പദ്ധതിയാണ് അധികൃതർ തയാറാക്കിയിരിക്കുന്നത്. 

ദുബായ് സാമ്പത്തിക അജണ്ട (ഡി33) ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ദുബായിയെ ലോകത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര-വ്യാവസായിക കേന്ദ്രമായി നിലനിർത്തുന്നതിനുമുള്ള യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ കാഴ്ചപ്പാടുകൾക്ക് കരുത്തുപകരുന്നതാണ് ഈ ഒരുക്കങ്ങൾ. 

യാത്രാത്തിരക്ക് മുൻകൂട്ടി കണ്ട് ദുബായ് എയർപോർട്സിലെ തന്ത്രപ്രധാന പങ്കാളികളുമായി ദുബായ് കസ്റ്റംസ് ഏകോപന യോഗങ്ങൾ പൂർത്തിയാക്കിയിരുന്നു.

അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ

യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കസ്റ്റംസ് പരിശോധനാ സംവിധാനങ്ങൾ പൂർണ സജ്ജമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലെ പരിശോധനാ വിഭാഗത്തിൽ വെറും 7 സെക്കൻഡിനുള്ളിൽ ബാഗേജ് സ്ക്രീനിങ് പൂർത്തിയാക്കാൻ സാധിക്കും. 

സുരക്ഷാ മാനദണ്ഡങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെയാണ് ഈ വേഗമെന്ന് പാസഞ്ചർ ഓപറേഷൻസ് ഡിപാർട്ട്മെന്റ് ഡയറക്ടർ ഖാലിദ് അഹമ്മദ് പറഞ്ഞു. വിവിധ ടെർമിനലുകളിലായി 19 അത്യാധുനിക ബാഗേജ് സ്ക്രീനിങ് സംവിധാനങ്ങളും 77 ഡിറ്റക്ഷൻ ആൻഡ് ഇൻസ്പെക്ഷൻ സംവിധാനങ്ങളുമാണ് ദുബായ് കസ്റ്റംസ് ഒരുക്കിയിട്ടുള്ളത്.

ഇതോടൊപ്പം ടെർമിനൽ 1, 2, 3 എന്നിവിടങ്ങളിൽ വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവർക്കായി പ്രത്യേക പരിശോധനാ മുറികളും സജ്ജമാക്കുന്നുണ്ട്. 

കസ്റ്റംസ് സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം കാര്യക്ഷമവും വേഗത്തിലുള്ളതുമായ വെറ്ററിനറി പരിശോധനകൾ നടത്താൻ ഇത് സഹായിക്കും. വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് മികച്ച സേവനം നൽകുന്നതിനായി രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ മുറികൾ തയാറാക്കുന്നത്.

സമ്മാനങ്ങൾക്ക് നികുതി ഇളവ്

യുഎഇയിലേക്ക് കൊണ്ടുവരാൻ അനുമതിയുള്ള സാധനങ്ങളെക്കുറിച്ചും കസ്റ്റംസ് ഇളവുകളെക്കുറിച്ചും വ്യക്തമാക്കുന്ന 'ട്രാവലർ ഗൈഡ്' യാത്രക്കാർ മുൻകൂട്ടി പരിശോധിക്കണമെന്ന് ദുബായ് കസ്റ്റംസ് ഓർമിപ്പിച്ചു.

 വ്യക്തിപരമായ ആവശ്യങ്ങൾക്കായി കൊണ്ടുവരുന്നതും വാണിജ്യപരമായ ലക്ഷ്യങ്ങളില്ലാത്തതുമായ 3,000 ദിർഹം വരെയുള്ള സമ്മാനങ്ങൾക്ക് കസ്റ്റംസ് നിയമങ്ങൾക്ക് വിധേയമായി നികുതി ഇളവ് ലഭിക്കും.

എന്നാൽ നിശ്ചിത പരിധിയിൽ കൂടുതൽ മൂല്യമോ അളവോ ഉള്ള സാധനങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ബാധകമായിരിക്കും. തിരക്കേറിയ വേനൽക്കാലത്ത് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് തന്നെ യാത്രക്കാർക്ക് മികച്ച സേവനവും സുഗമമായ യാത്രാനുഭവവും ഉറപ്പാക്കാനാണ് ഈ നടപടികളിലൂടെ ദുബായ് കസ്റ്റംസ് ലക്ഷ്യമിടുന്നത്.

വളരെ പുതിയ വളരെ പഴയ